Monday, May 30, 2011

ഓര്‍മ്മകളിടിഞ്ഞു തുങ്ങിയ നൂല്‍പ്പാലം

മങ്ങിയ ഓര്‍മ്മകളിടിഞ്ഞു
തുങ്ങിയ നൂല്‍പ്പാലം
ഭാരം പേറി അറ്റുപോയ ഇഴകളെ
കൂട്ടി ചേര്‍ക്കാനാവാത്ത നിസ്സഹായത!

ഓരോ തവണ കാണുമ്പോഴും
ആദ്യ കൂടികാഴ്ചയിലെ ഭാവ
ചലനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍
നിറം മങ്ങിയ കണ്ണുകളില്‍
കടന്നു പോയൊരു
വസന്തത്തിന്റേയും ഗ്രീഷ്മത്തിന്റേയും
നനുത്ത രൂപങ്ങള്‍ കാണുന്നുണ്ട്;
ഓര്‍മ്മയുടെ പാതയിപ്പോള്‍
വേനലില്‍ വിണ്ടു കീറിയ
പാടം പോലെ തരിശ്ശായീ കിടക്കുന്നു...!!

ഒരാകാശം താഴേക്കിറങ്ങി വന്നു
കാഴ്ചയുടെ തലങ്ങള്‍ മറയ്ക്കുന്നതു പോലെ
പുകമറക്കുള്ളില്‍ മറച്ചു
വച്ചിരിക്കുന്നു ഓരോ മുഖവും!!

വെളിച്ചം ഇല്ലാത്ത നക്ഷത്രം പോലെ
സൂര്യനുദിക്കാത്ത പകല്‍ പോലെ
പച്ചപ്പുകള്‍ അവശേഷിപ്പിക്കാത്ത
മരുഭൂമി പോലെ നിർജ്ജീവമായി-
ത്തീരുന്നു ഓരോ പുതുകാഴ്ചയും!

ഓര്‍മ്മകളില്‍ ചിറകടിച്ചെത്തിയ മൌനം
അധരങ്ങളില്‍ ചേക്കേറിയപ്പോഴും
മിഴികളെന്നും പരതികൊണ്ടിരുന്നു
അല്ഷിമെര്സിന്‍ ചുഴിയില്‍ പെട്ട്
മറവിയുടെ ആഴങ്ങളിലേക്ക്
ഊളിയിട്ടു പോയ ഓര്‍മ്മയുടെ
ഒരു തിരിവെട്ടത്തിനായി !!!

Monday, May 9, 2011

ഒടുവിലത്തെക്കായീ !!!



ഇടയ്ക്കിടെ കൊതിപ്പിക്കാന്‍
ഓടിയെത്തും എന്നരുകില്‍ ....
കണ്ടു നിറയും മുന്‍പേ
മറഞ്ഞു പോകുന്നു നീ
മരുഭൂമിയിലെ മഴ പോലെ!!

ചോറിനോടൊപ്പം വിളമ്പിയ
ഇഷ്ടപെട്ട മീന്‍ കഷണം
ഒടുവില്‍ വരെ കരുതി വക്കും
കുട്ടിയെ പോലെ
എന്നുള്ളിലെ പ്രണയം
ഞാനെന്നും കരുതി വച്ചു
ഒടുവിലത്തെക്കായീ !!!

പുഴയില്‍ കണ്ടെത്തിയ
പുഴമനസൊഴുകിയത്
നിന്നില്‍ ഒളിപ്പിച്ചൊരു
സ്നേഹകടലിന്റെ
ആഴങ്ങളിലേക്കായിരുന്നു
എന്നിട്ടും
സാധ്യമാകത്തൊരു ലയനമായീ
പിന്നോട്ട് തിരിച്ചോഴുക്കുന്നോ
നൂലില്‍ കോര്‍ത്തെടു ത്തൊരു
ജീവിത ഭാരം!!