Thursday, October 28, 2010

മറുകാഴ്ച

നിന്നെ കാണുമ്പോഴൊക്കെ
ചെവി പൊത്തി കണ്ണുപൊത്തി
വാ പൊത്തിയ ബിംബങ്ങളെ
ഓര്‍മിച്ചു ഞാന്‍

കരയാതെ നീ പിറന്നപ്പോള്‍
വിരിഞ്ഞതൊക്കെ കണ്ണീര്‍ പൂക്കള്‍
വിരല്‍ തുമ്പിലെ നൂല്‍ ബന്ധത്തില്‍
ചലിക്കും പാവയെ പോലെ
നിന്റെ ചലനങ്ങള്‍
ചിലപ്പോള്‍ നീ കരഞ്ഞു
ചിലപ്പോള്‍ നീ ചിരിച്ചു
എന്തിനെന്നു പോലും അറിയാതെ

നിശബ്ദതയുടെ തടവറ
ഭേദിച്ച് എത്തി നോക്കും
നിന്റെ മൊഴികള്‍
തത്തമ്മ പെണ്ണിന്റെ
മറുവാക്ക് പോലെ
ആവര്‍ത്തിച്ചിരുന്നു

നിന്റെ വഴികള്‍ പിന്തുടര്‍ന്ന്
നിന്നിലേക്ക്‌ എത്തിച്ചേരാന്‍
ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ
നിസഹായത ചാട്ടുളിയായീ
തുളഞ്ഞു കയറുന്നത് ഞാന്‍ അറിഞ്ഞു
നീ തീര്‍ത്തൊരു ലോകത്തിലേക്ക്‌
നീ നടന്നു മറഞ്ഞപ്പോള്‍
ചലനമറ്റു നോക്കി നില്‍ക്കാനേ
എനിക്ക്‌ കഴിഞ്ഞുള്ളൂ....!!!



Published in തര്‍ജ്ജനി, ഒക്ടോബര്‍ 2010, Volume 6, No. 10

Saturday, October 16, 2010

ഹൃദയശാസ്ത്രം

കെന്നഡി സാറിന്റെ ചൂരലും
അമ്മിണി ടീച്ചറിന്റെ ഉണ്ടക്കണ്ണും
കണക്കിലെന്നെ മെരുക്കിയപ്പോള്‍
ലീലാവതി ടീച്ചറിന്റെ സ്നേഹശാസന
സയന്‍സിനെ ഉള്‍കൊള്ളാന്‍ പഠിപ്പിച്ചു

അനുഭവശാലയില്‍ നിന്നും
ഹൃദയശാസ്ത്രം മന സ്സി ലാക്കി
തള്ളാനും കൊള്ളാനും പഠിച്ചു
എന്നഹങ്കരിച്ചു നില്ക്കുമ്പോഴും
അറിയാതെ ചോദിച്ചു പോകുന്നു
ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്.... ?

Saturday, October 9, 2010

മൌനത്തിന്‍ തോട്

നിശബ്ദത വേലി കെട്ടിയ വരമ്പില്‍
മൌനം വിഴുങ്ങി ഞാന്‍
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ
പൊട്ടാന്‍ വെമ്പുന്ന നീ
എന്റെ മൌനത്തിന്‍ തോട്
കൊത്തിയകറ്റാന്‍ നീ ശ്രമിച്ചപ്പോള്‍
കലപില കൂട്ടിയതെന്റെ കനവുകള്‍

മച്ചിയായൊരു സ്ത്രീ പേറ്റുനോവിന്‍
സുഖമറിയും പോലെ
നിറഞ്ഞ മഴയില്‍ നനഞ്ഞു കുതിര്‍ന്ന
മരു പോലെ ഞാന്‍ മാറിടുമ്പോഴും
നിസംഗതയുടെ പുതപ്പണിഞ്ഞു
മുളപൊട്ടിയ കനവുകളെ വലിച്ചെടുത്തു
മൌനത്തിന്‍ തോടിലേക്ക്
ഉള്‍വലിയാനെ കഴിഞ്ഞുള്ളൂ !!