Saturday, February 12, 2011

ഈ നഗരം....ഒരു വനം !!



ഈ നഗരം ഒരു കാടിന്റെ
നിഗൂഡതയാല്‍ എന്നെ
ചുറ്റി വരിയുന്നു.
വൃക്ഷങ്ങളുടെ കൂട്ട നിശബ്ദതയില്‍
പതിയിരിക്കും മൃഗങ്ങളുടെ
കൂര്‍ത്ത നഖങ്ങള്‍ പോലെ
ഈ നഗരം എന്നിലേക്ക്‌
ആഴ്ന്നിറങ്ങുന്നു!
നഗരച്ചുഴിയില്‍ ആഞ്ഞു വീശുന്ന കാറ്റ്
കാടിന്റെ കനത്ത തണുപ്പായീ
എന്നില്ലേക്ക് അരിച്ചിറങ്ങുന്നു!


ഈ നഗരത്തിന്റെ മുഖം
വന്യമായീ തീര്ന്നപ്പോഴാണ്
ആ അമ്മയില്‍നിന്നും അവനെ
പറിച്ചെടുത്ത് ഏകാന്തതയുടെ
തീചൂളയിലേക്ക് തള്ളിയിട്ടതു !!


കാടിന്റെ നിശബ്ദതയിലേക്ക്
അവള്‍ സ്വയം കൂട് കൂട്ടിയതും
അതിന്റെ കറുപ്പ് അവളില്‍
നിഴലായീ പടരുന്നതും
കാടിന്റെ അഗാധതയില്‍
തട്ടി പ്രതിധ്വനിക്കും ശബ്ദം പോലെ
അവളുടെ നിലവിളിയൊച്ച
ഈ നഗരത്തില്‍ അലയടിക്കുന്നതും
ഞാന്‍ അറിഞ്ഞിരുന്നു..!!

ആകാശത്തില്‍ ചിതറികിടക്കും
നക്ഷത്രങ്ങള്‍ക്കിടയില്‍
അവനെ തിരയുന്ന അവളുടെ
കണ്ണില്‍ ഞാന്‍ കണ്ടതും
കാടിന്റെ നിര്‍വികാരം മാത്രം!!
ഈ നഗരം എനിക്കെന്നും
നിഗൂഡതയുടെ വനമായിരുന്നു ..!.!!

Sunday, February 6, 2011

വഴിയമ്പലം കൊത്തുന്നവര്‍


പിന്നിട്ട വഴികളൊക്കെ തിരിഞ്ഞു
നടക്കാന്‍ തോന്നിയപ്പോഴാണ്
ഒരടി പോലും പിന്നോട്ട് വക്കാന്‍
ഇടമില്ലാ എന്ന് തിരിച്ചറിഞ്ഞത്
മുന്നിലേക്ക്‌ നോക്കിയപ്പോള്‍
കണ്ടത് നിന്നെയാണ്
നീയാകുന്ന വഴിയിലൂടെ
സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍!

ഒരു മാത്ര മരണം എന്റെ
കയ്യകലത്തില്‍ എത്തിയെന്ന്
തോന്നിയപ്പോഴാണ്
ഈ ജീവിതം എനിക്കിത്രയേറെ
പ്രിയമെന്ന് തിരിച്ചറിഞ്ഞത്
മരണ മുഖത്തില്‍ നിന്നും
ഒളിച്ചോടി ഞാനെത്തിയതും
നിന്റെ മടിത്തട്ടില്‍ തന്നെ !!

നിന്റെ പ്രതിബിംബം
കണ്ടു ഞാന്‍ കണ്ണാടിയില്‍
എന്റെ മനസിന്റെ വാതിലിലൂടെ
നീ ഒളിഞ്ഞു നോക്കിയപ്പോള്‍
നിന്നിലൂടെ തീര്‍ക്കുന്നു
ഞാനൊരു വഴിയമ്പലം
തളരുന്ന മാത്രയില്‍
വിശ്രമത്തിനായീ!!!



(മലയാള സമീക്ഷയില്‍ പ്രസിദ്ധികരിച്ചത്)