Monday, December 5, 2011

കൊടുങ്കാറ്റായീ.....


ഗ്രഹണംപ്പോലെ
കറുത്തിരുണ്ട മേഘം
നിഴല്‍ വിരിച്ച വഴിയില്‍
തണല്‍ കൊണ്ടിരിക്കും
മരത്തെ ഊതിപറപ്പിച്ചു
പാഞ്ഞുപോകുന്നുണ്ടു
കോപം പുതച്ചൊരു കാറ്റ്!!

തിരക്കിട്ട് പായുമ്പോഴും
ചേര്‍ത്തു പിടിക്കുന്നുണ്ട്,
കൂടെ കൂട്ടുന്നുണ്ട്,
തട്ടിത്തെറിപ്പിക്കുന്നുണ്ട്
കൂടുകെട്ടി പാര്‍ക്കാന്‍
എത്തിയ വീടിനെ,
വഴി തിരഞ്ഞെത്തിയ
വാഹനങ്ങളെ,
കുന്നിന്‍ ചെരുവില്‍
പ്രാര്‍ഥിക്കും പള്ളിയെ!
ജനസാഗരത്തില്‍ ‍
നീന്തികളിക്കുന്ന,
തുടിക്കുന്ന ജീവനെ!!

മുറിവേറ്റ
പെണ്പുലിയെ പോലെ
കടിച്ചു കുടഞ്ഞു തുപ്പുന്നു
ഈ പ്രപഞ്ചത്തെ തന്നെ
ഇന്നലെയോളം കുളിരേകിയ
വെറുമൊരു കാറ്റു!
(ദേശാഭിമാനി വാരികയില്‍ ‍ പ്രസിദ്ധികരിച്ചത് )

Friday, November 11, 2011

വാതിലുകളില്ലാത്ത മുറി !‍



 കെട്ടു പൊട്ടിയ വള്ളം
കുതിച്ചു പായുന്നുണ്ട്‌
സ്വാതന്ത്ര്യത്തിന്റെ
ഒഴുക്കിലേക്ക്‌ !
മരച്ചില്ലയില്‍ അവനെ
കരുതി വച്ച  കുരുക്കിനെ
തിരിഞ്ഞു നോക്കാതെ!

 പറന്നു പോകുന്ന ഏകാന്തത,
കൂട്ട് വന്നു ഇക്കിളിപെടുത്തുന്ന
ഓളങ്ങള്‍, മുട്ടിയുരുമി
കടന്നു പോകുന്ന മത്സ്യങ്ങള്‍!!
ആടിയാടി പോകുന്ന പകല്‍,
മലയിറങ്ങാന്‍ മടിച്ചു
നില്‍ക്കുന്ന  സൂര്യന്‍,
വാതിലുകളില്ലാത്തമുറി!

കുത്തൊഴുക്കില്‍ വലിച്ചു
കൊണ്ട് പോകുന്ന മാന്ത്രികത
കാണാപ്പുറങ്ങളില്‍ പതുങ്ങി
കിടക്കും പാറക്കിടയില്‍ 
തകര്‍ന്നടിയുന്ന ജന്മം !

പുറത്തേക്കു  വാതിലില്ലാത്ത
ലഹരിയുടെ സ്വാതന്ത്ര്യത്തില് 
ഇടിച്ചു തകര്ക്കപ്പെടും
ജീവിതം പോലെ!

ഒരു വാക്ക് കൊണ്ട് പോലും
അടയാളപെടുത്തനാകാതെ
ഉടഞ്ഞു പോകുന്നു കാലം!!

 (തന്മ മാഗസിനില്‍ പ്രസിദ്ധികരിച്ചത്)

Friday, October 14, 2011

ചായകൂട്ടു തേടുന്നവര്‍

ഓര്‍മയുടെ നെറുകയിലാണ്
ചായങ്ങളൊഴിഞ്ഞ
ശൂന്യമായ ആ ക്യാന്‍വാസ്!


കുഞ്ഞി വിരല്‍ തൊട്ടെടുത്ത
സ്നേഹകൂട്ടിന്റെ ചായം
ചാലിച്ചു ചേര്‍ക്കും മുന്‍പേ
ചിറകു വിരിച്ചു പറന്നു
പോയൊരു ബാല്യം!


സ്വപ്‌നങ്ങള്‍ കൂടുകെട്ടിയ
കണ്ണിന്റെ ആഴങ്ങളില്‍
ഒഴുകി വീണ പ്രണയം!
വര്‍ണ്ണച്ചായങ്ങളുടെ
മാന്ത്രികക്കൂട്ടു! 
വരച്ചു തുടങ്ങിയൊരു
നനുത്ത പകര്‍പ്പിന് 
മുഖമേകുംമുന്‍പേ
ഒളിച്ചോടി പോയൊരു
കൌമാരവും!!


കാലത്തിന്റെ തൊടികളില്‍
കോണ്‍ക്രീറ്റ് കാടുകളില്
വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍
കോറിയിട്ട മുഖത്തിനായീ
തിരഞ്ഞുകൊണ്ടിരുന്നു
തുടിക്കുന്ന യൌവ്വനം!


ഈ പകല്‍ വെളിച്ചം
പൊലിഞ്ഞുപോകും മുന്‍പേ
കാത്തിരുന്ന കരുതലിന്     ‍
മുഖമൊന്നു വരച്ചു
ചേര്‍ക്കാന്‍ ത്രസിച്ചു 
കൊണ്ടിരിക്കുന്നു
നരച്ചു തുടങ്ങിയ 
ആ ക്യാന്‍വാസ് മാത്രം!!

(മലയാളം വരിക &
പുതുകവിത )



)

Sunday, October 9, 2011

വാല്‍നക്ഷത്രം അടയാളപെടുത്തുന്നത്!

നീ കോറിയിട്ട വാക്കുകള്‍
ആകാശത്തു വെട്ടി വീണ
മിന്നല്‍ പിണര്‍ പോലെ
കൊള്ളി തീര്‍ത്ത്‌ വിറപ്പിക്കും ,
മനസിന്റെ ചായ്പ്പില്‍ പതുങ്ങി
കിടക്കും മയിപീലി തുണ്ടിനെ!

പ്രണയത്തിന്റെ പെരുമഴയത്ത്
കുട ചൂടി ഇറങ്ങി പോയ മൌനം
ഇറയത്തു ഒതുങ്ങനാവാതെ
മഴക്കുള്ളില്‍ പതുങ്ങി കിടക്കും!

കൈകോര്‍ത്തു നടന്ന വാക്കുകളെ,
ഒളിച്ചോടിപോയ നിലാവിനെ.
ചെമ്പകം മണക്കുന്ന
സ്വപ്നങ്ങളുടെ രാവിനെ
ഓര്‍ത്തങ്ങനെ കിടക്കും!

കണ്ണിന്റെ കോണില്‍
ഉദിച്ചുയര്‍ന്ന വാല്‍നക്ഷത്രം
പൊട്ടിച്ചിതറി ചീളുകളായി
തറച്ചിറച്ചിറങ്ങുമ്പോള്‍
അടര്‍ന്നു വീണൊരു
ചോരപ്പൂക്കള്‍ നിലം തൊടാതെ
ഹൃദയത്തിന്റെ ചുവരുകളില്‍
പറ്റിപിടിച്ചിരിക്കും ....!

അപ്പോഴും പടിയിറക്കലില്
പിടച്ചു കൊണ്ടിരിക്കും
നിന്നെ കുടിയിരുത്തിയ വീട്!!

(ആനുകാലിക കവിതയില്‍ പ്രസിദ്ധികരിച്ചത്)

Wednesday, September 28, 2011

അണച്ച് പിടിക്കാവുന്ന സ്വന്തം

ബാല്യത്തിന്റെ തൊടിയില്‍
ഓടികളിക്കുന്ന കുറുമ്പന്‍
മണം പിടിച്ചു എത്തുന്നുണ്ട്
ഒളിച്ചു വച്ചൊരു സ്നേഹം
മാന്തിപുറത്തെടുക്കാന്‍!!

നിശബ്ദത കൊണ്ട്
പൊതിഞ്ഞു വച്ചൊരു
ഏകാന്തത തട്ടി തെറിപ്പിച്ചു
കൂട്ടികൊണ്ട് പോകുന്നുണ്ട്
വാക്കുകളില്ലാത്ത വാചാലതയിലേക്ക്!!

കൌമാരത്തിന്റെ പടിക്കല്‍
കളഞ്ഞു പോയൊരു ചങ്ങാത്തം
കടിച്ചെടുത്തു ഓടി വരുന്നുണ്ട്
കൊഞ്ചിക്കാന്‍ തോന്നുന്ന വാത്സല്ല്യം!

കാലത്തിന്റെ കണക്കെടുപ്പില്‍
രക്തത്തിന്റെ വിലപ്പേശാതെ
ഹൃദയത്തിന്റെ വാതിക്കല്‍
കാവല്‍ കിടക്കും കരുതല്‍ !

ഒരു പട്ടികുഞ്ഞിനല്ലാതെ
മറ്റാര്‍ക്ക് കഴിയും
ഇതുപോലെ സ്വന്തമാകാന്‍!!

(സൌദി ടൈംസില്‍ പ്രസിദ്ധികരിച്ചത്)

Monday, September 5, 2011

മഴയനക്കങ്ങള്‍


ഉഞ്ഞാലാടി പോകും  വൈകുന്നേരം
കൊണ്ടുപോയൊരു പകലിനെ 
ഒളികണ്ണുകൊണ്ട്  നോക്കുന്നുണ്ടു 
വെളിച്ചം  അടര്‍ന്നു പോയൊരു നക്ഷത്രം!!

പൂച്ച കുഞ്ഞു പോലെ
ഒച്ച  കേള്‍പ്പിക്കാതെ
വിരുന്നു വരുന്നുണ്ടൊരു രാത്രി
കാലത്തിന്റെ  തുന്നികെട്ടിയ
സഞ്ചിയൊന്നു തുറക്കനായീ !

പുറത്തു ചാടിയ പുസ്തകകെട്ടു...
മാറിന്റെ ചൂട് പറ്റി ചേര്‍ന്നിരുന്ന
പ്രതീക്ഷയെ ഓര്‍മിപ്പിച്ചു....
വിശപ്പിന്റെ നാളുകളെ
പൂട്ടിയിട്ട  അറയിപ്പോള്‍
മലര്‍ക്കെ തുറന്ന് കിടക്കുന്നു......
തേച്ചു മിനുക്കി സൂക്ഷിച്ചു
വച്ചൊരു സായാഹ്നം
പായല്‍ പിടിച്ചു ഇരുണ്ടു
പോയിരിക്കുന്നു.....
ഒളിച്ചോടി പോയ കവിതകള്‍
വെളിച്ചം കാണാതെ ഇരുട്ടില്‍...!!

വിരുന്നുവന്ന രാത്രി കൊണ്ട് പോയതോ 
കറുത്തിരുണ്ട്‌ പെയ്യാന്‍
തയ്യാറായി  തൂങ്ങി നിന്നൊരു 
ഉറക്കത്തെയുമായിരുന്നു
കാറ്റ് കൊണ്ടുപോകും
മഴയനക്കങ്ങള്‍  പോലെ....!!

(മാധ്യമം വര്ഷികപതിപ്പ്)

Sunday, August 21, 2011

ഓണകാഴ്ച


ഓര്‍മയുടെ കൈ വിടുവിച്ചു
അനാഥത്വത്തിലേക്ക് പടിയിറങ്ങി
പോയൊരു ഓണം
വല്ലാതെ തിരയുന്നുണ്ട്
ഒരു തുണ്ട് തുമ്പ പൂവിനായീ
പിണങ്ങി പോയൊരു
ഐശ്വര്യത്തെ മടക്കി വിളിക്കാന്‍!

സ്വീകരണ മുറിയില്‍
ചിത്രങ്ങളായീ തൂങ്ങിയ
തെറ്റിയും മന്ദാരവും തുളസിയും
സദ്യ ഒരുക്കി കാത്തിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
ഒരു ഓണത്തപ്പനുവേണ്ടി!

ബാല്യത്തിന്റെ   തെക്കിനിയില്‍ \
ബന്ധിക്കപ്പെട്ട അത്തപ്പൂക്കളം
തുള്ളാനെത്തുന്ന തുമ്പികളെ
കാത്തിരുന്നു ഉറങ്ങി
പോയിട്ടുണ്ടാവും!

കൂട്ടുകൂടാന്‍  എത്തിയ
പുലി കളിയും  തലപന്തുകളിയും
കമ്പ്യൂട്ടര്‍ ഗെയിമില്‍ കുടുങ്ങിപോയ
കുട്ടികളെ കാത്തിരുന്നു
പറമ്പില്‍ തന്നെ ഉറങ്ങി വീണു!!

അപ്പോഴും ഉറങ്ങാതെ
ബിവറേജ് ക്യുവില്‍
കാത്തു നില്‍പ്പുണ്ട്
ആഘോഷ തിമര്പ്പോടെ
ഒരോണം !!

(മലയാളസമീക്ഷ - ഓണപതിപ്പ് )

Sunday, August 14, 2011

അരികിലെത്തുന്ന ദൂരങ്ങള്‍..



രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!

മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട് ‍
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച‍
തൊട്ടടുത്തെന്ന പോലെ !

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!

മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!

പഴമയുടെ മുറ്റത്ത്‌
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!

(വര്‍ത്തമാനം ആഴ്ചപതിപ്പ് )

Monday, July 25, 2011

ജീവിതം പരിഭാഷപ്പെടുത്തുമ്പോള്‍


മൌനം കോര്‍ത്തെടുത്ത സൂചി,
തുന്നിച്ചേര്‍ക്കപ്പെടുന്ന വാചാലത.
മാഞ്ഞു പോയത്
ആശയോടെ കോറിയിട്ട
പകലിന്‍ ചിത്രപ്പണികള്‍.

എത്ര തന്നെ ചേര്‍ത്തുപിടിച്ചിട്ടും
ഓര്‍മ്മയുടെ കരങ്ങളില്‍ നിന്നും
വഴുതിപ്പോകുന്ന നിറമാര്‍ന്ന
ചിരിയുടെ വൈകുന്നേരം!

പരിഭാഷപ്പെടുത്താനോ
വായനാസുഖം നല്കാനോ
കഴിയാത്ത പുസ്തകമായി,
ചിതലരിച്ചു പോകുന്ന രാത്രികള്‍

അകന്നകന്നു പോകുന്നൊരു
റെയില്‍വേ ട്രാക്ക് പോലെ
നീണ്ടുപോകുന്ന ജീവിതം
മുറിച്ചു കടക്കാനോ
കുതിച്ചു ചാടാനോ കഴിയാതെ
തുടരുന്ന നിശ്ചലത!

ചുവരിലെ ആണിയില്‍
തൂങ്ങുന്നുണ്ട് ചില്ലുകൂട്ടിലെ
ഒരു സന്തുഷ്ട കുടുബം!


Saturday, July 16, 2011

ഇരുട്ടിന്റെ കുരുക്കില്‍







































കാഴ്ചയുടെ മറുപുറത്ത്
പടര്‍ന്നു പന്തലിച്ചു
കിടപ്പുണ്ടൊരു കനല്‍ കാട്
എകാന്തതയുടെ ഇരുട്ടിനു
സ്വൈരവിഹാരത്തിനായീ!!

പല്ലുകള്‍ കൂര്‍പ്പിച്ചു,നഖങ്ങള്‍ നീട്ടി
ഉണര്‍ന്നു വരുന്നുണ്ടാവും
ഒരു കാടിനെ മുഴുവന്‍
തിന്നു തീര്‍ക്കാനുള്ള ഇരുട്ട്


ചിലപ്പോഴൊക്കെ അതു
ആകാശത്തെ പട്ടമാക്കി
പറത്തി കളയും
പുതപ്പാക്കി മൂടിയേക്കും
ചുഴിയിലേക്ക് തട്ടി തെറിപ്പിച്ചു
പകലിനെ ഒളിപ്പിച്ചു വയ്ക്കുന്ന
കുസൃതി.!!

എന്നെ തന്നെ ഒരു നിഴലാക്കി
ചുവരില്‍ പതിപ്പിക്കും
തൂണാക്കി കഴുക്കോല്‍ കയറ്റും
ഒരു ബ്ലാക്ക്‌ ഹോളിലേക്ക്‌
വലിച്ചെടുത്തു വീര്‍പ്പുമുട്ടിക്കും
കുസൃതി !!!

കോടതി മുറിയില്‍ എന്ന പോലെ..
ആ ഇരുട്ടിന്റെ കുരുക്കില്‍
എന്നും സംഭവിക്കുന്നുണ്ട്
ഓരോ ആത്മഹത്യകള്‍!!

Tuesday, July 5, 2011

ഉറുമ്പരിക്കുന്ന മഞ്ഞിന്‍റെ ഫോസില്‍


ടോര്നടോ ചുഴിയില്‍
അകപ്പെട്ടത് പോലെ
കുഴഞ്ഞു മറിയുന്നുണ്ട്
പുക മറക്കുള്ളില്‍
അലിഞ്ഞൊഴുകാന്‍ വെമ്പുന്ന
സ്നേഹത്തിന്‍ വെള്ളച്ചാട്ടം
വിന്‍ററിലെ നയഗ്രയേ പോലെ
ഉറഞ്ഞു കിടക്കുന്നുണ്ട്
സമ്മറില്‍ എത്തുന്നൊരു
സാന്ത്വനത്തിന്റെ
ചെറു ചൂട് കൊതിച്ച്!

എനിക്കിപ്പോള്‍
കാറ്റില്‍ പറന്നു നടക്കുന്ന
തൂവലിന്റെ ഭാരം
ഇല്ലാതാകുന്ന കാഴ്ചയുടെ
ദൂരങ്ങള്‍ കൊണ്ടുവന്ന ദൃശ്യം...
ഒരു ശവയാത്രയും !
തിരിച്ചറിയുന്ന രൂപത്തിന്
എന്റെ ഛായ തോന്നിയത്,
മിഥ്യയല്ലെന്നു മനസിലായത്
കരയുന്നവരുടെ കൂട്ടത്തില്‍
എന്റെ പ്രിയപെട്ടവരെ
കണ്ടപ്പോഴാണ്!!

ശരീരം ഉപേക്ഷിച്ചു ഞാന്‍
യാത്രയാകുമ്പോഴും
എന്നില്‍ ഞാന്‍ കാണുന്നു...
അലിഞ്ഞൊഴുകാന്‍
വെമ്പല്‍ കൊള്ളുന്ന
സ്നേഹത്തിന്‍ വെള്ളച്ചാട്ടം
വിന്‍ററിലെ നയഗ്രയെ പോലെ
ഉറഞ്ഞു കിടക്കുന്നു
ഒരു സമ്മറിനും അലിയിക്കാനവാതെ .!!!

കവിത സമാഹാരം - ക വാ രേഖ?
കൃതി പബ്ലികേഷന്‍സ്

Sunday, June 19, 2011

യാത്ര


തണുത്തു മയങ്ങി വീഴും

റ്വൈകുന്നേരത്തില്‍

നീ സഞ്ചരിക്കുമ്പോള്‍

പകലിന്റെ ചുട്ടു പൊള്ളുന്ന

ചൂടിലാണ്  എന്റെ യാത്ര...!.

എന്നാലും നമ്മുടെ യാത്ര....

ഒരേ തുരുത്തിലെക്കാണല്ലോ

എന്നോര്‍ക്കുമ്പോള്‍

അവിടേക്ക് എത്തിച്ചേരാന്‍

വല്ലാത്ത തിടുക്കം....!!

Sunday, June 5, 2011

കാഴ്ചകള്‍



കാറിലെ റിയര്‍ വ്യു മിറര്‍

തരും മഴ കാഴ്ചയും

മുന്നിലെ ഗ്ലാസിലൂടെ ....

ആകാശച്ചെരുവില്‍ പൂത്തൊരു

മഴവില്ലിന്‍ വര്‍ണ്ണ കാഴ്ചയും !!

കാഴ്ചയുടെ ഇരുപുറങ്ങള്‍ക്കിടയില്‍

മറന്നു വച്ചതൊക്കെയും

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും

ഋതുക്കള്‍ പോലെ

ചലിക്കാനാവാതെ ഞാന്‍ !!

Monday, May 30, 2011

ഓര്‍മ്മകളിടിഞ്ഞു തുങ്ങിയ നൂല്‍പ്പാലം

മങ്ങിയ ഓര്‍മ്മകളിടിഞ്ഞു
തുങ്ങിയ നൂല്‍പ്പാലം
ഭാരം പേറി അറ്റുപോയ ഇഴകളെ
കൂട്ടി ചേര്‍ക്കാനാവാത്ത നിസ്സഹായത!

ഓരോ തവണ കാണുമ്പോഴും
ആദ്യ കൂടികാഴ്ചയിലെ ഭാവ
ചലനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍
നിറം മങ്ങിയ കണ്ണുകളില്‍
കടന്നു പോയൊരു
വസന്തത്തിന്റേയും ഗ്രീഷ്മത്തിന്റേയും
നനുത്ത രൂപങ്ങള്‍ കാണുന്നുണ്ട്;
ഓര്‍മ്മയുടെ പാതയിപ്പോള്‍
വേനലില്‍ വിണ്ടു കീറിയ
പാടം പോലെ തരിശ്ശായീ കിടക്കുന്നു...!!

ഒരാകാശം താഴേക്കിറങ്ങി വന്നു
കാഴ്ചയുടെ തലങ്ങള്‍ മറയ്ക്കുന്നതു പോലെ
പുകമറക്കുള്ളില്‍ മറച്ചു
വച്ചിരിക്കുന്നു ഓരോ മുഖവും!!

വെളിച്ചം ഇല്ലാത്ത നക്ഷത്രം പോലെ
സൂര്യനുദിക്കാത്ത പകല്‍ പോലെ
പച്ചപ്പുകള്‍ അവശേഷിപ്പിക്കാത്ത
മരുഭൂമി പോലെ നിർജ്ജീവമായി-
ത്തീരുന്നു ഓരോ പുതുകാഴ്ചയും!

ഓര്‍മ്മകളില്‍ ചിറകടിച്ചെത്തിയ മൌനം
അധരങ്ങളില്‍ ചേക്കേറിയപ്പോഴും
മിഴികളെന്നും പരതികൊണ്ടിരുന്നു
അല്ഷിമെര്സിന്‍ ചുഴിയില്‍ പെട്ട്
മറവിയുടെ ആഴങ്ങളിലേക്ക്
ഊളിയിട്ടു പോയ ഓര്‍മ്മയുടെ
ഒരു തിരിവെട്ടത്തിനായി !!!

Monday, May 9, 2011

ഒടുവിലത്തെക്കായീ !!!



ഇടയ്ക്കിടെ കൊതിപ്പിക്കാന്‍
ഓടിയെത്തും എന്നരുകില്‍ ....
കണ്ടു നിറയും മുന്‍പേ
മറഞ്ഞു പോകുന്നു നീ
മരുഭൂമിയിലെ മഴ പോലെ!!

ചോറിനോടൊപ്പം വിളമ്പിയ
ഇഷ്ടപെട്ട മീന്‍ കഷണം
ഒടുവില്‍ വരെ കരുതി വക്കും
കുട്ടിയെ പോലെ
എന്നുള്ളിലെ പ്രണയം
ഞാനെന്നും കരുതി വച്ചു
ഒടുവിലത്തെക്കായീ !!!

പുഴയില്‍ കണ്ടെത്തിയ
പുഴമനസൊഴുകിയത്
നിന്നില്‍ ഒളിപ്പിച്ചൊരു
സ്നേഹകടലിന്റെ
ആഴങ്ങളിലേക്കായിരുന്നു
എന്നിട്ടും
സാധ്യമാകത്തൊരു ലയനമായീ
പിന്നോട്ട് തിരിച്ചോഴുക്കുന്നോ
നൂലില്‍ കോര്‍ത്തെടു ത്തൊരു
ജീവിത ഭാരം!!


Saturday, April 30, 2011

അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു...


സാമൂഹ്യ പാഠ ക്ലാസ്സില്‍
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു എന്ന്
പഠിക്കുമ്പോഴാണ് മനസ്സിലായത്
അച്ഛന്‍ എപ്പോഴും ജോണി വാക്കര്‍
അടിച്ചു കറങ്ങുന്നത് ഈ ഭൂമിയില്‍
ജീവിക്കുന്നത് കൊണ്ടാണെന്ന്!

ഗാന്ധാരി ചരിതം പഠിച്ചപ്പോള്‍
മനസ്സിലായീ....അമ്മ
പതിവ്രതയായ ഭാര്യ
ആകാന്‍ ശ്രമിച്ചതാവാം
പെതെടിന്‍ ലഹരിയില്‍
കറങ്ങി തുടങ്ങിയതെന്ന്!!

അമ്മയെ മോഡല്‍ ആക്കിയത്
കൊണ്ടായിരിക്കും ചേച്ചിയും
ബോയ്‌ ഫ്രെണ്ടിനോടൊപ്പം
കറങ്ങി നടക്കുന്നത്....!!

എല്ലാരും കറങ്ങി നടക്കുന്ന
ഈ ഭൂമിയില്‍ ഞാന്‍ മാത്രം
കറങ്ങാതെ ഇരിക്കുന്നത്
എന്തിനെന്ന ചിന്തയില്‍
ആ ആറുവയസ്സുകാരന്റെ
കണ്ണില്‍ തടഞ്ഞതോ
പരാമര്‍ നിറച്ച ബ്രാന്റി കുപ്പി....
ഒന്ന് കറങ്ങാന്‍ കൊതിച്ച
അവനോ ഒരിക്കലും ഉണരാത്ത
ഉറക്കത്തിലേക്കു ഊര്ന്നുപോയീ!!!
അപ്പോഴും ഭൂമി കറങ്ങി കൊണ്ടിരുന്നു

Wednesday, April 13, 2011

സുഖമുള്ള നോവുകള്‍

കിണറാഴങ്ങളില്‍ കണ്ട മുഖം
കൈകുമ്പിളില്‍ കോരിയെടുക്കാന്‍
കൊതിച്ചെത്തിയ ചന്ദ്രന്‍
ആഴങ്ങളിലേക്ക് ഊര്ന്നുപ്പോയീ !

ആകാശ ചെരുവില്‍
പടര്‍ന്നു പന്തലിച്ച തീജ്വാല
സ്വന്തമാക്കനെത്തിയ
ഒരുതുണ്ട് മേഘം
തീജ്വലക്കുള്ളില്‍ മുങ്ങി പോയീ !!

പുല്‍ക്കൊടി തുമ്പിലെ
മഞ്ഞുതുള്ളി സ്വന്തമാക്കനെത്തിയ
സൂര്യ കിരണങ്ങള്‍....
മഞ്ഞുതുള്ളിക്കുള്ളില്‍
കുടിങ്ങിപോയീ....!!

അങ്ങ് ദൂരെ ഒരു പൊട്ടു
നിലവായീ ഉദിച്ച നിന്നെ
തൊട്ടെടുക്കാനെത്തിയ എന്നില്‍
നിറഞ്ഞ നിലാ വെളിച്ചത്തില്‍
എനിക്കെന്നെ നഷ്ടമായീ പോയീ !!!

Saturday, March 19, 2011

വേരോട്ടം



ഒരു ചെറു മുളയെന്നെ

കരുതിയുള്ളു

മുള പൊന്തി ചെടിയായീ

കണ്ടതും ഒരല്‍പം മാത്രം

പിഴുതെടുത്ത് കളയാന്‍

ശ്രമിച്ചപ്പോള്‍....

പൊട്ടിക്കാന്‍ പറ്റാതെ.....

കഴിച്ചിട്ടും....കുഴിച്ചിട്ടും

എത്തിപെടാന്‍ പറ്റാത്ത

ആഴത്തില്‍ ഓടിപോയതിന്‍

വേരുകള്‍

എത്ര ശക്തമാണ് ഈ വേരോട്ടം!!! ...



Friday, March 4, 2011

ആഴങ്ങളിലെക്കൊരു വാതില്‍



കടല്‍ കാണുമ്പോഴെല്ലാം
സുനാമിയുടെ ആര്ത്തലക്കുന്ന
രുദ്ര താണ്ഡവം
ഒരു മിന്നല്‍ പിണര്‍ പോലെ
എന്നിലേക്ക്‌ ഓടിയെത്തിയിരുന്നു!

തിരകളിലൂടെ അലഞ്ഞു
നടന്നു ഇണയെ തേടുന്ന
ഒറ്റചെരിപ്പിന്റെ രോദനവും ..
അലകള്‍ മായിച്ചു കളഞ്ഞ
കാല്പാടുകള്‍ തിരയുന്ന
നിഴലുകളുടെ നിലവിളിയും
എന്നും ഞാന്‍ കേട്ടിരുന്നു!

പ്രതീക്ഷയുടെ ഭാരം പേറി
നിന്റെ മടിത്തട്ടില്‍
കുടുങ്ങിപോയവരുടെ
തേങ്ങലുകള്‍ തിരമാലകളായീ
ഉയര്‍ന്നു താഴുന്നത്
ഞാനറിഞ്ഞിരുന്നു
തിരയടിച്ചെത്തിയ നിന്റെ
ജലത്തില്‍ അവരുടെ
കണ്ണീരിന്റെ ഉപ്പു ഞാന്‍
രുചിച്ചിരുന്നു !!

കാഴ്ചയുടെ കടലിനിപ്പോള്‍
സൗമ്യമായ രൗദ്രഭാവം !
ഉള്ളിലെ കടലിളകുന്നതും
സുനമിയായീ ആഞ്ഞടിച്ച് ,
സ്വപ്നസൗധം തകർത്തൊരു
പേമാരിയായ് മുകളിലോട്ട്
പെയ്യുന്നതും ഞാനറിയുന്നു !!

നിന്റെ ആഴങ്ങളിലേക്ക്
എത്തിപ്പെടാന്‍
വല്ലാതെ ഞാന്‍ കൊതിച്ചത്...
എന്നില്‍ ഒരു കടല്‍ തന്നെ
ഒളിഞ്ഞു കിടക്കുന്നത്
കൊണ്ടായിരുന്നു !!!

(മലയാള കവിതയില്‍ പ്രസിദ്ധികരിച്ചത്)
http://malayalampoetry.com/blog/?p=235








Saturday, February 12, 2011

ഈ നഗരം....ഒരു വനം !!



ഈ നഗരം ഒരു കാടിന്റെ
നിഗൂഡതയാല്‍ എന്നെ
ചുറ്റി വരിയുന്നു.
വൃക്ഷങ്ങളുടെ കൂട്ട നിശബ്ദതയില്‍
പതിയിരിക്കും മൃഗങ്ങളുടെ
കൂര്‍ത്ത നഖങ്ങള്‍ പോലെ
ഈ നഗരം എന്നിലേക്ക്‌
ആഴ്ന്നിറങ്ങുന്നു!
നഗരച്ചുഴിയില്‍ ആഞ്ഞു വീശുന്ന കാറ്റ്
കാടിന്റെ കനത്ത തണുപ്പായീ
എന്നില്ലേക്ക് അരിച്ചിറങ്ങുന്നു!


ഈ നഗരത്തിന്റെ മുഖം
വന്യമായീ തീര്ന്നപ്പോഴാണ്
ആ അമ്മയില്‍നിന്നും അവനെ
പറിച്ചെടുത്ത് ഏകാന്തതയുടെ
തീചൂളയിലേക്ക് തള്ളിയിട്ടതു !!


കാടിന്റെ നിശബ്ദതയിലേക്ക്
അവള്‍ സ്വയം കൂട് കൂട്ടിയതും
അതിന്റെ കറുപ്പ് അവളില്‍
നിഴലായീ പടരുന്നതും
കാടിന്റെ അഗാധതയില്‍
തട്ടി പ്രതിധ്വനിക്കും ശബ്ദം പോലെ
അവളുടെ നിലവിളിയൊച്ച
ഈ നഗരത്തില്‍ അലയടിക്കുന്നതും
ഞാന്‍ അറിഞ്ഞിരുന്നു..!!

ആകാശത്തില്‍ ചിതറികിടക്കും
നക്ഷത്രങ്ങള്‍ക്കിടയില്‍
അവനെ തിരയുന്ന അവളുടെ
കണ്ണില്‍ ഞാന്‍ കണ്ടതും
കാടിന്റെ നിര്‍വികാരം മാത്രം!!
ഈ നഗരം എനിക്കെന്നും
നിഗൂഡതയുടെ വനമായിരുന്നു ..!.!!

Sunday, February 6, 2011

വഴിയമ്പലം കൊത്തുന്നവര്‍


പിന്നിട്ട വഴികളൊക്കെ തിരിഞ്ഞു
നടക്കാന്‍ തോന്നിയപ്പോഴാണ്
ഒരടി പോലും പിന്നോട്ട് വക്കാന്‍
ഇടമില്ലാ എന്ന് തിരിച്ചറിഞ്ഞത്
മുന്നിലേക്ക്‌ നോക്കിയപ്പോള്‍
കണ്ടത് നിന്നെയാണ്
നീയാകുന്ന വഴിയിലൂടെ
സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍!

ഒരു മാത്ര മരണം എന്റെ
കയ്യകലത്തില്‍ എത്തിയെന്ന്
തോന്നിയപ്പോഴാണ്
ഈ ജീവിതം എനിക്കിത്രയേറെ
പ്രിയമെന്ന് തിരിച്ചറിഞ്ഞത്
മരണ മുഖത്തില്‍ നിന്നും
ഒളിച്ചോടി ഞാനെത്തിയതും
നിന്റെ മടിത്തട്ടില്‍ തന്നെ !!

നിന്റെ പ്രതിബിംബം
കണ്ടു ഞാന്‍ കണ്ണാടിയില്‍
എന്റെ മനസിന്റെ വാതിലിലൂടെ
നീ ഒളിഞ്ഞു നോക്കിയപ്പോള്‍
നിന്നിലൂടെ തീര്‍ക്കുന്നു
ഞാനൊരു വഴിയമ്പലം
തളരുന്ന മാത്രയില്‍
വിശ്രമത്തിനായീ!!!



(മലയാള സമീക്ഷയില്‍ പ്രസിദ്ധികരിച്ചത്)

Saturday, January 29, 2011

വൈറല്‍ ഫീവര്‍


തുള്ളി വിറക്കും പനിയും
ആവി പറക്കും
ചുക്കുക്കാപ്പിയുടെ എരിയും
നാവിന്റെ രുചി എടുത്തപ്പോള്‍
തലക്കുള്ളിലെ മുഴക്കവും
മഴയില അനക്കങ്ങള്‍...
പോലെ ശ്വാസഗതിയും
ഉറക്കത്തെ മാറ്റി നിര്‍ത്തി....

രക്തധമനികള്‍ തിളച്ചു
തൂവുന്നതോ ..ഞരമ്പുകള്‍
ഓരോന്നും ഊരി പോകുന്നതോ
വേദനയുടെ പിരിമുറുക്കം
മറ്റൊരു ലോകത്തേക്ക്
കൂട്ടികൊണ്ട് പോയപ്പോള്‍
വിരല്‍ തൊട്ട അട്ടയെ പോലെ
ചുരുണ്ട് കൂടി കിടക്കയിലേക്ക്
പതിഞ്ഞു പോയീ
ഞരക്കങ്ങളില്‍ കൂടി
വൈറസിന്റെ പിടിയില്‍
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു

ഇന്നിതാ
വൈറസ്‌ ചവച്ചു തുപ്പിയ
നീര് വറ്റിയ ചണ്ടിയായീ
മാറിയിരിക്കുന്നു ഞാന്‍!!!



Tuesday, January 18, 2011

മഴയിലൊരു തിരയല്‍

മഴ കാണുമ്പോഴെല്ലാം

പെയ്യുന്നുണ്ട് ഒരു മഴ

എന്റെ ഉള്ളിലും

നനയുന്നുണ്ട് ഞാന്‍

മഴയിലിറാങ്ങതെ തന്നെ

തിരയുന്നുണ്ട് ഞാന്‍

മനസില്‍  പെയ്തൊരു 

പെരുമഴയില്‍ ഒലിച്ചു

പോയൊരെന്നെ ....!!!

Tuesday, January 11, 2011

ജീവിക്കും സ്മാരകം

ചരിത്രത്തിന്റെ ഭാഗമാകുമെന്ന്
അഭിമാനിച്ചൊരു നാള്‍
പതാകയേന്തി കൈയില്‍.....
വിപ്ലവം രചിച്ചു പത്രങ്ങളില്‍ .....
തീപ്പൊരി പാറിച്ചു വേദികളില്‍
ബന്ദുകള്‍..... ഹര്‍ത്താലുകള്‍...
സമരങ്ങള്‍....ലാത്തിചാര്‍ജുകള്‍....

ആവശം സിരകളില്‍
നിറഞ്ഞൊഴുകിയപ്പോള്‍
നെഞ്ച് വിരിച്ചു നിന്നു
പൊരുതി മുന്നേറി
നേതാക്കള്‍ക്ക് വേണ്ടി
ഒടുവില്‍ വീണുപോയൊരുനാള്‍
വെറും സാക്ഷിയായീ മാറി

പത്രങ്ങള്‍ വാഴ്ത്തി....
നേതാക്കള്‍ പുകഴ്ത്തി...
ആരവങ്ങള്‍ ഒഴിഞ്ഞു
വാഴ്ത്തി പാടിയവര്‍
കട്ടിലില്‍ പണിതൊരു ലോകം
ജീവിക്കും സ്മാരകത്തിനായീ !!!