Monday, May 31, 2010

ഒരു തിരി നാളം


ഒരു തിരി പകരും വെളിച്ചം
നിറക്കുന്നു അകവും പുറവും
ദീപമേ... ഓജസേകുന്നു നീ
ഉണര്‍വ്വിന്‍ ഉള്‍വിളിയായീ

രാവിന്‍റെ മാറിലൊഴുകും
പാല്‍ നിലാവ് പോല്‍
ഇരുള്‍ നിറഞ്ഞൊരെന്‍
മനസിന്‍ ഇടനാഴിയില്‍
പ്രത്യാശയാം നിലാ-
വെളിച്ചം പരന്നൊഴുകി

നിറം മങ്ങിയോരെന്‍
സ്വപ്നങ്ങളില്‍ നീ
ആയിരം മഴവില്ലിന്‍
വര്‍ണ്ണങ്ങള്‍ പകര്‍ന്നേകി
കാലം വീഴ്ത്തിയൊരു
കരിനിഴല്‍ മായിച്ചു
പ്രകാശപൂരിതമാക്കി...
എന്‍ അന്തരംഗം ...!!!

Sunday, May 23, 2010

നഷ്ടം

നിശബ്ദതയെ ആവാഹിച്ചൊരു
മുറിക്കുള്ളില്‍ ബന്ധിച്ചു
ശുദ്ധി കലശം ചെയ്തൊരു
മണി മഞ്ചലൊരുക്കി
പ്രതിഷ്ടിച്ചതിന്‍ മേലെ
ചങ്ങലക്കിട്ടൊരു
മൃതപ്രായ ദേഹിയേയും!!

മനസിന്റെ കടിഞ്ഞാണ്‍
ഒന്നയഞ്ഞു പോയതോ...
പിടിവിട്ടു കുതറി
പാഞ്ഞു പോയതോ....
കണ്ണുകള്‍ ചിമ്മി
വലം വച്ചു മുറിക്കുള്ളില്‍
മച്ചിന്റെ മേലെ ഉറച്ചു നോട്ടം

നിറമില്ല രൂപങ്ങള്‍
തെളിയുന്നു സ്ഥാനങ്ങള്‍
മിന്നുന്നു പൊയ്മുഖങ്ങള്‍
ഇതില്‍ എവിടെയാണെനിക്ക്
എന്നെ നഷ്ടമായത്...!!!???

Sunday, May 16, 2010

പുഴ മനസ്

കിലുകിലെ ചിരിച്ചൊഴുകും
പുഴയുടെ തീരത്ത്
കിന്നാരം ചൊല്ലും കരയും
പുഴ മൊഴിഞ്ഞു കരയെ
നീയൊരു സുന്ദരി ഭാഗ്യവതി
നിന്നില്‍ ജന്മമെടുത്തൊരു
വൃക്ഷങ്ങളേകും തണലും
മലരുകള്‍ തന്‍ സുഗന്ധവും
കായ്കനികളുടെ മാധുര്യവും
നുകര്‍ന്നാസ്വദിച്ചു ആനന്ദിച്ചു
വിശ്രമിക്കാം മതിവരുവോളം.....


പുഴയാം ഞാനൊഴുകുന്നു
ഇല്ല തെല്ലും വിശ്രമം
കൊതിയേറെയുണ്ടെങ്കിലും
എന്‍ നീരേകി നിലനിര്‍ത്തുമനേകം
ജീവനുകള്‍ ...ജീവിതങ്ങള്‍
ഓടി കിതച്ചു തളര്‍ന്നു ഞാന്‍
കാതങ്ങള്‍ പിന്നിടുവാന്‍
ഏറെയുണ്ടെനിക്കിനിയും
എത്രമേല്‍ ആഗ്രഹിചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും?

Monday, May 10, 2010

ജീവിതം

ആടകള്‍ ഓരോന്നും

ഊരി മാറ്റുമ്പോഴും...

ഉള്ളിലെന്തെന്നറിയാനുള്ള

ചിത്തത്തിന്‍ വെമ്പല്‍...

ഏറ്റവും ഒടുവില്‍

ശൂന്യതയില്‍ എത്തും ഉള്ളി

പോലെയാണീ ജീവിതം....!!!

Tuesday, May 4, 2010

ഒറ്റപെട്ടവന്‍

തെരുവിന്റെ സംഗീതം
താരാട്ടിന് ഈണമായീ
ചാവാലി പട്ടികള്‍
കളികൂട്ടുകാരും

മഴയില്‍ നനഞ്ഞും
വെയിലില്‍ വാടിയും
തെരുവിന്റെ മകനായീ
വളരുന്നു ഞാന്‍

ഒരമ്മതന്‍ ഗര്‍ഭത്തില്‍
ഉരുവായി മുളച്ചിട്ട്
ജാതനായീ ഭൂമിയില്‍
ഞാനൊരനാഥനായി

കിട്ടിയിട്ടില്ലൊരിക്കലും
അമ്മ തന്‍ വാത്സല്ല്യം
അമ്മിഞ്ഞ പാലിന്റെ
നിറവ്വും മാധുര്യവും,

തേങ്ങുന്ന മനസെന്നും
തേടുന്നു ഉത്തരം...
'വലിച്ചെറിയുവാന്‍
ആയിരുന്നെങ്കില്‍
നല്കിയതെന്തിനീ
പാഴ്ജന്മം?'