Sunday, October 7, 2012

കാലം മായ്ക്കാത്ത മുറിവുകള്‍!


ശൂന്യതയിലേക്ക് ആണ്ടു പോയ
മിഴികളില്‍ തങ്ങി നില്‍ക്കുന്നു
ഒഴുകി വീഴാന്‍ ഇടമില്ലാതെ
വീര്‍പ്പുമുട്ടുന്ന ജലകൂട്ടം!

പിന്നിലെ ചുവര്‍ ചിത്രങ്ങളില്‍
തിരയൊടുങ്ങാത്ത പകയുടെ
കടല്‍ ഇരമ്പിയാര്‍ക്കുന്നു!
തീവ്രവാദത്തിന്‍ വിഷ ദംശമേറ്റ്
പ്രജ്ഞയറ്റ  സ്മൃതികള്‍
തോക്കിന്‍ മുനകളില്‍
പറ്റിപിടിച്ചിരിക്കുന്നു!

ഓര്‍മയില്‍ പാഞ്ഞെത്തിയ
വെടിയുണ്ടകള്‍   നെഞ്ചിന്‍ ‍ കൂട്
തകര്‍ത്ത് തുളച്ചു കയറുന്നുണ്ട്
തെറിച്ചു വീണ ചോരപ്പാടുകളില്‍
ഉയര്ത്തു വരുന്നുണ്ട്
ഒരായിരം കത്തിരുപ്പുകള്‍!!
അപ്പോഴും ജീവിതങ്ങളില്‍ 
കരിനിഴല്‍ വീഴ്ത്തി
മരണ കെണികള്‍ തീര്‍ത്ത്‌
ബന്ധങ്ങള്‍ വെട്ടി മുറിച്ചു 
നടന്നു പോകുന്നുണ്ടു
അന്ധക്കാരത്തിന്റെ
കൈപിടിച്ചൊരു
തത്വശാസ്ത്രം!
 


Thursday, August 2, 2012

പ്രണയ തുള്ളികള്‍!!



ഒന്ന്.
തൊടാന്‍ മടിച്ചെന്ന പോലെ
പതിഞ്ഞു വീശുന്ന കാറ്റ്!
തലോടാനെത്തിയ വെയിലിനെ
മറച്ചു പിടിക്കുന്നു കുട-
ചൂടിയെത്തിയ മേഘതുണ്ട് !!

ഉഞ്ഞാലാട്ടത്തിന്‍ താളഗതികളില്‍
പ്രണയത്തിന്റെ നനുത്ത ഒച്ച!!
കാതുകള്‍ കൂര്‍പ്പിച്ചു ഉണര്‍ന്നു 
നില്‍ക്കുന്നു കൊച്ചരി പുല്ലുകള്‍!
കൊതിച്ചെത്തിയ കിനാമഴയില്‍
നിറഞ്ഞൊഴുകുന്നു  പുഴമനസസ്!!

രണ്ടു 
നോക്കിയിരിക്കെന്നെത്ര നാള്‍
നിശ്ചലമായ്‌ ഈ നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു  ചിമ്മാതെ!

കൊതിച്ചു പോവില്ലേ
ഒരു മാത്രായെന്കികും
ഓടി ചെന്നൊന്നു പുണരുവാനും
ഉമ്മകള്‍ കൊണ്ട് പോതിഞ്ഞു
പ്രണയത്തിലേക്ക് പടര്‍ന്നു കയറുവാനും
കെട്ടുപിണഞ്ഞ കിടക്കുമീ വള്ളിപോലെ !!



Friday, July 13, 2012

അലങ്കാര വൃക്ഷം


സ്വീകരണ മുറിയുടെ മൂലയില്‍ 
ചിത്രപണികള്‍ കൊണ്ടലങ്കരിച്ച  
ചട്ടിയൊന്നില്‍ പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട് 
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ !!

കണ്ണാടി മാളികയിലെ 
നിഷേധങ്ങളുടെ ചതുപ്പില്‍
പതുങ്ങി കിടന്നു സ്വപനം കാണുന്നുണ്ട് 
നനവുകളിലേക്ക്  പടരും വേരിനെ 
ഇലയില്‍ ചുംബിച്ചും കൊമ്പ് കോര്‍ത്തും 
പ്രണയം പങ്കു വക്കും വന്മരത്തെ 
മധുരം നുകരും പകല്‍ വെളിച്ചത്തെ 
നെഞ്ചോടു  ചേര്‍ത്തു പുണരും 
നിലാവിനെ!!

കണ്ണു കൊണ്ടുഴിയുന്നുണ്ട്
തൊട്ടു  നോക്കുന്നുണ്ട് 
വാക്കുകള്‍ കൊണ്ടൊരു ചൂണ്ട
കോര്‍ക്കുന്നുണ്ടതിനെ 
വന്നു പോകും  അതിഥികള്‍ !!

അപ്പോഴും ചിരിച്ചു തലയാട്ടി 
അരുതുകളുടെ   കുറിപ്പടിയില്‍ 
അണിഞ്ഞൊരുങ്ങി നില്‍ക്കും
ഉയരങ്ങളിലേക്ക് പാലമായ  
ഭാര്യയെ പോലെ 
അലങ്കരമായൊരു നിസ്സഹായത !! 

(ചന്ദ്രിക ആഴ്ചപതിപ്പ് ജൂണ്‍ 22)


Tuesday, July 3, 2012

ഒറ്റപ്പെട്ടങ്ങനെ ....



പടിപ്പുരക്കപ്പുറം
അവസാനിക്കുന്ന   വിജനത
കൂട് കൂട്ടിയ   ശിഖരങ്ങള്‍
നിഴല്‍ വിരിക്കുന്ന  
ഓര്‍മയുടെ ഇടവഴികള്‍!! 
 
ഓടിയകലുന്ന വര്‍ഷങ്ങള്‍-
ക്കൊപ്പമെത്തനാവാതെ കിതക്കും
തിരിച്ചറിവിന്‍ രസതന്ത്രം
ചോദ്യചിഹ്നം പോലെ
വളഞ്ഞങ്ങനെ കിടക്കുന്നു!!
 
 
ഊര്‍ന്നു പോകുന്നു 
എട്ടുക്കാലിയെപ്പോലെ
നെയ്തെടുത്ത വലക്കുള്ളില്‍!
ലോകത്തെ  മറയാക്കി
അവനിലേക്ക്‌ തന്നെ
മടങ്ങിയങ്ങനെ!!
 
ചൂണ്ടാക്കാരന്റെ നിശ്ചലതയും
വേട്ടക്കാരന്റെ വേഗതയും
വന്നുപോകുന്നവനില്‍
അടയാളമൊന്നും
ശേഷിപ്പിക്കാത്ത
ഋതുക്കള്‍ പോലെ!!
 
 
സങ്കടപുഴകള്‍ നീന്താതെ
സന്തോഷത്തിന്‍
കുന്നുകള്‍ കയറാതെ
പിന്‍ വിളികള്‍ക്ക്
കാതോര്‍ക്കാതെ 
അവന്‍ ...
ആള്‍ക്കൂട്ടത്തിനിടയില്‍
ആരവങ്ങള്‍ക്കിടയില്‍
ഒറ്റപെട്ടങ്ങനെ...
ശൂന്യതയില്‍ പിറന്നു  
വീഴും കവിത പോലെ!!!
 
 


Tuesday, June 19, 2012

എന്നിട്ടും...........!!


ദ്രുത  താളമായ് നിറഞ്ഞു 
പെയ്യുകയാണ്   നീയെന്നില്‍ 
നിഴല്‍  വീണ വഴിയില്‍ 
ഒരു ചുംബനത്തിന്റെ ചാരുത 
സിരകളിലൂടെ അരിച്ചിറങ്ങുന്നുണ്ട് 
ആഴങ്ങളോളം തിരയിളക്കുന്നുണ്ട് 
ജീവ സ്പന്ദനം  പോലെ!!

തൊട്ടുണര്‍ത്തുന്നുണ്ടെന്നെ 
കവിതയിലെക്കെന്നപ്പോലെ!
കെട്ടിപിണഞ്ഞു  കിടക്കുന്നുണ്ടു 
നമ്മള്‍ കാട്ടുവള്ളിയായി....
വിരിഞ്ഞുലയുന്നുണ്ട്  
ഇരുട്ടിന്റെ താഴ്ചയില്‍ 
പൂത്തിറങ്ങും  മിന്നാമിന്നികള്‍ 
കോര്‍ത്തിരിപ്പുണ്ട് പരസ്പരം
വേര്തിര്‍ച്ചെടുക്കനകാതെ !
ദൂരമെത്ര താണ്ടി ഞാന്‍ നിന്നില്‍

എന്നിട്ടും ...........
നിന്റെ ചുംബനങ്ങള്‍ നട്ടു വച്ച
ഈ മണ്ണില്‍ ഇനിയുമെത്ര
ദൂരെയാണ് ഒരു പൂക്കാലം!!!

(ജനനി മാസിക മെയ്‌ ലക്കം)





Sunday, April 15, 2012

ഹോളിഹില്ലില്‍ ഞാന്‍



ശിശിരത്തിന്റെ തണുപ്പ് പുതച്ചു
നിശബ്ധത വിഴുങ്ങിയ
പെരുമ്പാമ്പ്‌ പോലെ
മയങ്ങി കിടക്കുന്ന തെരുവ്!

ഒരു കള്ളനെ പോലെ
ഇല തുമ്പിലൂടെ ഊര്ന്നിറങ്ങി 
അന്തരീക്ഷതിലെവിടെയോ
പതുങ്ങി കിടക്കുന്ന കാറ്റ്!!

മേഘജാലകത്തിലൂടെ
അരിച്ചിറങ്ങിയ മഴവില്ലിന്റെ
വര്‍ണ്ണ ചായത്തില്‍ ‍കുളിച്ചെത്തി
വെയില്‍ കായനിരിക്കുന്ന
വൃക്ഷങ്ങള്‍!

അനന്തതയിലേക്ക്
ഇറങ്ങി നടന്ന നോട്ടം
വേഷപകര്‍ച്ച്ചകളുടെ
ആഴങ്ങളില്‍ ‍ മുങ്ങി താണ്‌
ശ്വാസം കിട്ടാതെ പിടയുന്നു!!‌

നിശ്ചലതയിലേക്ക് 
അടഞ്ഞു പോയ
വാതിലിനപ്പുറം
ഓടി വരുന്ന ഒരു രൂപം
അലിഞ്ഞില്ലാതായ ഒരു
നിലവിളിയൊച്ച...
അദൃശ്യതയിലെവിടെയോ
അടര്‍ന്നു വീഴാന്‍ തുടങ്ങുന്ന
കണ്ണുനീര്‍തുള്ളികള്‍ !!

അറ്റ് പോയൊരു വേരിന്റെ
നീറ്റല്‍ ഉണക്കാനവാത്ത പച്ച
പൊതിഞ്ഞു വച്ചു
തിളച്ചു തൂവുംസ്വപ്നങ്ങളില്‍
ഒറ്റക്കായ മനസ്!!


(*ഹോളി ഹില്‍ അമേരികയില്‍ സൌത്ത് 
കരോലിനയിലെ ഒരു കൊച്ചു ടൌണ്‍)
==============================================
(സമകാലിക മലയാളം വാരിക ഏപ്രില്‍ 2012)
==============================================


Sunday, March 11, 2012

കാലം തെറ്റി പിറക്കുന്നവര്‍




പാഞ്ഞു വരും ചില കാലങ്ങള്‍
പന്തയകുതിരകളെ പോലെ
കൂട്ടികെട്ടുവനായ് മാത്രം !
പായുമ്പോള്‍ കൂടെ കൂട്ടും,
ആഴ്ന്നാഴ്ന്നു മനസിന്റെ
അടിതട്ടോളം ഇറങ്ങി ചെല്ലും
ആത്മാവിനെ തന്നെ
പറിച്ചെടുത്തു പോയ്‌- മറയും
കെട്ടുറപ്പില്ലാത്ത  കാലങ്ങള്‍  !!!

വട്ടമിട്ടു പറന്നു വരും
ഉപേക്ഷിക്കപെടലിന്റെ
ശവം മണക്കും ഓര്‍മ്മകള്‍!!
കൊത്തിപ്പറിക്കും...
ഹൃദയത്തിന്റെ കണ്ണിനെ!!
ഇരുട്ട് നിറച്ചു വക്കും
കല്ലറയ്ക്കുള്ളിലെന്ന പ്പോലെ !!
ഓടിമറയുന്ന  ഓര്‍മ്മകള്‍
അനാഥയാക്കുമെന്നെ
ശവപറമ്പ് പോലെ!!

അപ്പോഴുമെന്നില്‍ കനല്‍ ചിമ്മുന്നുണ്ട്
വിശ്വാസത്തിന്റെ  പട്ടടയൊന്നു!
കത്തിയെരിയുന്നുണ്ടതില്‍
ശരീരം നഷ്ടമായോരാത്മാവ്
കാലം തെറ്റി പിറന്ന ജന്മമായ് !!

Sunday, March 4, 2012

നിഴല്‍




നിഴലുകള്‍ ചലിക്കുന്നു     
ചുരുങ്ങുന്നു വളരുന്നു
വികാരങ്ങളൊന്നും
പ്രകടിപ്പിച്ചു കണ്ടതേയില്ല !

ഈ നിഴലവാന്‍ കൊതിച്ചാണ്
വികാരങ്ങളൊക്കെ  
പെറുക്കിയെടുത്തു 
പൊതിഞ്ഞു കെട്ടി
നിരാശയുടെ കടലില്‍
എറിഞ്ഞു കളഞ്ഞത്!!

മടങ്ങിയെത്തിയപ്പോള്‍
എന്നെയും കാത്തെന്ന പോലെ
പെയ്യാന്‍ തയ്യാറായി കണ്ണുകള്‍
ഒരു സ്നേഹസ്പര്‍ശം
കൊതിച്ചു മനസ്
ഒരു ചിരികൊണ്ട് മൂടിയ
അധരങ്ങള്‍.......!!

ഹോ!! ഇവരെന്നെ ഒരു
നിഴലാവാന്‍  കൂടി
സമ്മതിക്കില്ലല്ലോ!!!


Friday, February 17, 2012

Award

Maryland Malyalee Association നടത്തിയ Global Literary Contest 2012 


കവിതക്കുള്ള അവാര്‍ഡ്‌ എന്റെ " മഴയനക്കങ്ങള്‍""""""" 


എന്ന കവിതയ്ക്ക് ലഭിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. :)


വിലയിരുത്തലുകളിലൂടെ തിരുത്തലുകളിലൂടെ പ്രോത്സഹങ്ങളിലൂടെ 


എന്റെ എഴുത്തിന്റെ കൂടെ ഉണ്ടായിരുന്ന എന്റെ എല്ലാ പ്രിയ ചങ്ങാതിമാര്‍ക്കും നന്ദി...സ്നേഹം.....സന്തോഷം...:)

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11049155&programId=1074209519&channelId=-1073753625&BV_ID=%40%40%40&tabId=11

Tuesday, February 14, 2012

ട്രാഫിക്‌





 
പുകക്കാടുകളില്‍  പതുങ്ങി
തിരക്കിന്റെ വേഷങ്ങള്‍
അഴിച്ചു വച്ചു ഒരു നിമിഷം
നിശ്ചലമാകുന്ന  വേഗത!
 
പ്രതാപങ്ങളുടെ തട്ടിന്പ്പുറങ്ങളില്‍  
പച്ചപ്പുകള്‍ തേടി കുതിച്ചു
പായും മനസ്സുകള്‍  പോലും
നിശ്ചലം മഞ്ഞപ്പോലെ!!
 
ചില അനുസരണക്കെടുകള്‍
മുറിച്ചു കടക്കുന്നുണ്ട്   
ഒരു  കാലത്തെ തന്നെ  
തട്ടിത്തെറിപ്പിച്ചു
ഇടിച്ചു  കയറി  പോകുന്നുണ്ട് 
ചരിത്രത്തിന്റെ എടുകളിലേക്ക്!!
 
സിന്ധൂര രേഖയിലെ  
ചുവപ്പിനെ പിന്തള്ളി
കണ്ണിലെ തിളക്കങ്ങള്‍
മഞ്ഞയായി അടയാളപെടുത്തി
മനസിന്റെ പച്ചയിലേക്ക്
ഓടി കയറും  പ്രണയം പോലെ!!
===============================
varthamanam azhchapathippu February 2012
=====================================
 


Saturday, January 28, 2012

നിന്നെ വിവര്‍ത്തനം ചെയ്തപ്പോള്‍....


ഇരുട്ട് പുറം ചട്ടയാക്കി 
അലസതയുടെ ചായ്പ്പില്‍ 
വലിച്ചെറിഞ്ഞ നിന്നെ 
ആമൂഖമില്ലത്ത പുസ്തകം
പോലെ വെറുതെ മറിച്ചു 
നോക്കുകയായിരുന്നു 
തൊട്ടെടുത്ത മനസ്!

പുതുമണം മായാത്ത 
താളുകളില്‍ ഉടയാത്ത 
കിടക്കവിരി  കൊണ്ട്  
അടയാളപെടുത്തിയ നീന്നെ 
എത്ര കുടഞ്ഞെറിഞ്ഞിട്ടും
വിട്ടുപോരാനകാതെ 
പറ്റിപ്പിടിച്ചു  കിടക്കുന്ന ഓര്‍മ്മ !!

വായിച്ചു തുടങ്ങിയപ്പോള്‍
ഓരോ  വരികള്‍ക്കിടയിലും 
ഒളിപ്പിച്ചുവെച്ച  ആര്‍ദ്രത    
ഒരു കടല്‍ പോലെ
ഇളകി മറിയുന്നതും
വഴി പിരിഞ്ഞ ഓര്‍മ്മകള്‍ 
അലയടിച്ചുയരുന്നതും
ഒരു പേമാരിയായി
പെയ്തൊഴിയുന്നതും
ഞാന്‍ അറിയുകയായിരുന്നു!!

നിന്നെ വിവര്‍ത്തനം ചെയ്യാന്‍
തുടങ്ങുമ്പോഴാണ് 
കണ്ണുകളില്‍ നിറഞ്ഞ നിലാവില്‍
ചെമ്പകപൂവിന്‍ മണം
പരന്നൊഴുകാന്‍ തുടങ്ങിയതും,
തീപ്പിടിച്ച ഓര്‍മകളില്‍
ഒരഗ്നിയായ് നീ കത്തിപടര്‍ന്നതും!!
ഇനിയും എങ്ങനെയാണ് ഞാന്‍ 
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത് ?
===================================
 വാരാദ്യ മാധ്യമം 29 ജനുവരി 2012.
=====================================


Sunday, January 8, 2012

ആഴങ്ങളിലെ ആകാശം




പുഴയുടെ  ആഴങ്ങളില്‍
അടുത്തു കണ്ട ആകാശം!
ചേര്‍ത്തു പിടിക്കാന്‍
ഓടിയെത്തിയ ചില്ലകള്!
ഒന്ന് തൊടാനാവാതെ‍
തിരഞ്ഞു  കൊണ്ടിരിക്കുന്നു
ആഴങ്ങളില്‍ ഒരാകാശത്തെ!
പിടി തരാതെ ഓടിയൊളിക്കുന്ന
ജീവിതത്തെ തിരയും പോലെ!!

(ആനുകാലിക കവിതയില്‍ പ്രസിദ്ധികരിച്ചത്)

Tuesday, January 3, 2012

സന്ധ്യയായ് മറയുമ്പോള്‍



നെറ്റിയിലെ വിയര്പ്പു
തൂത്തുമാറ്റിയ സായാഹ്നം
എണ്ണി കൊടുത്ത തുട്ടുകള്
ഒഴിയുന്ന മടിശീല
സിരകളില്‍ വലിഞ്ഞു
മുറുകുന്ന ലഹരിയില്
ആടി പോകുന്നൊരു ബീഡി പുക!!

മേല്പ്പുരയില്ലത്ത വീടിനുള്ളില്
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ ‍നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്ക്കുന്ന കാറ്റ്,

മേഘകൂട്ടില്‍ നിന്നും
ആകാശകുന്നിറങ്ങി
പടി വാതിലിനപ്പുറം
വേച്ചു വേച്ചു മയങ്ങി
വീണൊരു വെയില്‍.

മേല്പ്പുരയുള്ള വീടിനുള്ളില്
മറക്കുള്ളിലെ കാഴ്ചകളില്
കണ്ണീരു വറ്റിയ കടല്
അരിപൊതി തിരഞ്ഞു
ഉറങ്ങി പോയ മണല്ക്കൂട്ടങ്ങള്‍ !

സിരകളില്  കത്തിയെരിയുന്ന
ലഹരിയുടെ കനലില്‍ 
എരിഞ്ഞടങ്ങിയ  സന്ധ്യ!!

(മലയാള സമീക്ഷയില്‍ പ്രസിദ്ധികരിച്ചത്)