Monday, July 25, 2011

ജീവിതം പരിഭാഷപ്പെടുത്തുമ്പോള്‍


മൌനം കോര്‍ത്തെടുത്ത സൂചി,
തുന്നിച്ചേര്‍ക്കപ്പെടുന്ന വാചാലത.
മാഞ്ഞു പോയത്
ആശയോടെ കോറിയിട്ട
പകലിന്‍ ചിത്രപ്പണികള്‍.

എത്ര തന്നെ ചേര്‍ത്തുപിടിച്ചിട്ടും
ഓര്‍മ്മയുടെ കരങ്ങളില്‍ നിന്നും
വഴുതിപ്പോകുന്ന നിറമാര്‍ന്ന
ചിരിയുടെ വൈകുന്നേരം!

പരിഭാഷപ്പെടുത്താനോ
വായനാസുഖം നല്കാനോ
കഴിയാത്ത പുസ്തകമായി,
ചിതലരിച്ചു പോകുന്ന രാത്രികള്‍

അകന്നകന്നു പോകുന്നൊരു
റെയില്‍വേ ട്രാക്ക് പോലെ
നീണ്ടുപോകുന്ന ജീവിതം
മുറിച്ചു കടക്കാനോ
കുതിച്ചു ചാടാനോ കഴിയാതെ
തുടരുന്ന നിശ്ചലത!

ചുവരിലെ ആണിയില്‍
തൂങ്ങുന്നുണ്ട് ചില്ലുകൂട്ടിലെ
ഒരു സന്തുഷ്ട കുടുബം!


16 comments:

ഗീത രാജന്‍ said...

ജീവിതം!!

മുകിൽ said...

നല്ല വരികള്‍ കൊണ്ടു കോര്‍ത്ത ഒരു നല്ല കവിത. ജീവിതത്തിന്റെ മൂല്യം നഷ്ടപ്പെട്ട നിശ്ചലത..

അനില്‍കുമാര്‍ . സി. പി. said...

"ചുവരിലെ ആണിയില്‍
തൂങ്ങുന്നുണ്ട് ചില്ലുകൂട്ടിലെ
ഒരു സന്തുഷ്ട കുടുബം!"

- ഇങ്ങനെയും ജീവിതം!

ശ്രീനാഥന്‍ said...

വളരെ ഇഷ്ടമായി കവിത. മധ്യവർഗ്ഗ ജീവിതത്തിലെ/ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ, അഭിനയങ്ങളെ, മൌനദ്വീപുകളെ,നിരാശകളെ ഒക്കെ ഓർമിപ്പിക്കുന്നു കവിത.

കൊമ്പന്‍ said...

എല്ലാ ജീവിതത്തിന്റെ സ്മരണകളും ചുവരിലെ ചില്ലുകൂട്ടില്‍ തന്നെ ആണ് ഉള്ളത് ഉണ്ടാകുന്നത്
നല്ല വരികള്‍

Vp Ahmed said...

ജീവിതം ഇങ്ങനെ ഒക്കെയാണ്. കവിത ആസ്വതിച്ചു. അഭിനന്ദനങ്ങള്‍

ഷാജു അത്താണിക്കല്‍ said...

ചുവര്‍ ചുത്രങ്ങളായി മാറിയ ജീവിതങ്ങള്‍
നല്ല വരികള്‍

Raghunath.O said...

നന്നായിട്ടുണ്ട്

Raghunath.O said...

നന്നായിട്ടുണ്ട്

Kalavallabhan said...

ചില്ലുകൂട്ടിലെ സന്തുഷ്ടകുടുംബം.
ചില്ലു പൊട്ടുന്ന പ്രയോഗം

Echmukutty said...

ചില്ലുകൂട്ടിലെ സന്തുഷ്ട കുടുംബം..
കവിത നന്നായി.

പള്ളിക്കരയിൽ said...

കണ്ണാടിക്കൂടിനകത്തെ ചിത്രത്തിലേക്ക് ഒതുങ്ങിപ്പോയ ജീവിതസന്തുഷ്ടിയുടെ നഷ്ടവസന്തങ്ങൾ വരികളിൽ നിഴലിടുന്നു. നന്നായി രചന.

നവാസ് കല്ലേരി... said...

നല്ല വരികള്‍
ആശംസകള്‍ ..!!

ചന്തു നായർ said...

പരിഭാഷപ്പെടുത്താനോ
വായനാസുഖം നല്കാനോ
കഴിയാത്ത പുസ്തകമായി,
ചിതലരിച്ചു പോകുന്ന രാത്രികള്‍.... നല്ല വരികൾക്കും,ചിന്തക്കും,കവിതക്കും എന്റെ ആശംസകൾ

Unknown said...

..നവ്യം!!

yousufpa said...

ഈ ജീവിതം എനിയ്ക്കിഷ്ടപ്പെട്ടു.