Monday, July 25, 2011

ജീവിതം പരിഭാഷപ്പെടുത്തുമ്പോള്‍


മൌനം കോര്‍ത്തെടുത്ത സൂചി,
തുന്നിച്ചേര്‍ക്കപ്പെടുന്ന വാചാലത.
മാഞ്ഞു പോയത്
ആശയോടെ കോറിയിട്ട
പകലിന്‍ ചിത്രപ്പണികള്‍.

എത്ര തന്നെ ചേര്‍ത്തുപിടിച്ചിട്ടും
ഓര്‍മ്മയുടെ കരങ്ങളില്‍ നിന്നും
വഴുതിപ്പോകുന്ന നിറമാര്‍ന്ന
ചിരിയുടെ വൈകുന്നേരം!

പരിഭാഷപ്പെടുത്താനോ
വായനാസുഖം നല്കാനോ
കഴിയാത്ത പുസ്തകമായി,
ചിതലരിച്ചു പോകുന്ന രാത്രികള്‍

അകന്നകന്നു പോകുന്നൊരു
റെയില്‍വേ ട്രാക്ക് പോലെ
നീണ്ടുപോകുന്ന ജീവിതം
മുറിച്ചു കടക്കാനോ
കുതിച്ചു ചാടാനോ കഴിയാതെ
തുടരുന്ന നിശ്ചലത!

ചുവരിലെ ആണിയില്‍
തൂങ്ങുന്നുണ്ട് ചില്ലുകൂട്ടിലെ
ഒരു സന്തുഷ്ട കുടുബം!


Saturday, July 16, 2011

ഇരുട്ടിന്റെ കുരുക്കില്‍







































കാഴ്ചയുടെ മറുപുറത്ത്
പടര്‍ന്നു പന്തലിച്ചു
കിടപ്പുണ്ടൊരു കനല്‍ കാട്
എകാന്തതയുടെ ഇരുട്ടിനു
സ്വൈരവിഹാരത്തിനായീ!!

പല്ലുകള്‍ കൂര്‍പ്പിച്ചു,നഖങ്ങള്‍ നീട്ടി
ഉണര്‍ന്നു വരുന്നുണ്ടാവും
ഒരു കാടിനെ മുഴുവന്‍
തിന്നു തീര്‍ക്കാനുള്ള ഇരുട്ട്


ചിലപ്പോഴൊക്കെ അതു
ആകാശത്തെ പട്ടമാക്കി
പറത്തി കളയും
പുതപ്പാക്കി മൂടിയേക്കും
ചുഴിയിലേക്ക് തട്ടി തെറിപ്പിച്ചു
പകലിനെ ഒളിപ്പിച്ചു വയ്ക്കുന്ന
കുസൃതി.!!

എന്നെ തന്നെ ഒരു നിഴലാക്കി
ചുവരില്‍ പതിപ്പിക്കും
തൂണാക്കി കഴുക്കോല്‍ കയറ്റും
ഒരു ബ്ലാക്ക്‌ ഹോളിലേക്ക്‌
വലിച്ചെടുത്തു വീര്‍പ്പുമുട്ടിക്കും
കുസൃതി !!!

കോടതി മുറിയില്‍ എന്ന പോലെ..
ആ ഇരുട്ടിന്റെ കുരുക്കില്‍
എന്നും സംഭവിക്കുന്നുണ്ട്
ഓരോ ആത്മഹത്യകള്‍!!

Tuesday, July 5, 2011

ഉറുമ്പരിക്കുന്ന മഞ്ഞിന്‍റെ ഫോസില്‍


ടോര്നടോ ചുഴിയില്‍
അകപ്പെട്ടത് പോലെ
കുഴഞ്ഞു മറിയുന്നുണ്ട്
പുക മറക്കുള്ളില്‍
അലിഞ്ഞൊഴുകാന്‍ വെമ്പുന്ന
സ്നേഹത്തിന്‍ വെള്ളച്ചാട്ടം
വിന്‍ററിലെ നയഗ്രയേ പോലെ
ഉറഞ്ഞു കിടക്കുന്നുണ്ട്
സമ്മറില്‍ എത്തുന്നൊരു
സാന്ത്വനത്തിന്റെ
ചെറു ചൂട് കൊതിച്ച്!

എനിക്കിപ്പോള്‍
കാറ്റില്‍ പറന്നു നടക്കുന്ന
തൂവലിന്റെ ഭാരം
ഇല്ലാതാകുന്ന കാഴ്ചയുടെ
ദൂരങ്ങള്‍ കൊണ്ടുവന്ന ദൃശ്യം...
ഒരു ശവയാത്രയും !
തിരിച്ചറിയുന്ന രൂപത്തിന്
എന്റെ ഛായ തോന്നിയത്,
മിഥ്യയല്ലെന്നു മനസിലായത്
കരയുന്നവരുടെ കൂട്ടത്തില്‍
എന്റെ പ്രിയപെട്ടവരെ
കണ്ടപ്പോഴാണ്!!

ശരീരം ഉപേക്ഷിച്ചു ഞാന്‍
യാത്രയാകുമ്പോഴും
എന്നില്‍ ഞാന്‍ കാണുന്നു...
അലിഞ്ഞൊഴുകാന്‍
വെമ്പല്‍ കൊള്ളുന്ന
സ്നേഹത്തിന്‍ വെള്ളച്ചാട്ടം
വിന്‍ററിലെ നയഗ്രയെ പോലെ
ഉറഞ്ഞു കിടക്കുന്നു
ഒരു സമ്മറിനും അലിയിക്കാനവാതെ .!!!

കവിത സമാഹാരം - ക വാ രേഖ?
കൃതി പബ്ലികേഷന്‍സ്