Friday, October 14, 2011

ചായകൂട്ടു തേടുന്നവര്‍

ഓര്‍മയുടെ നെറുകയിലാണ്
ചായങ്ങളൊഴിഞ്ഞ
ശൂന്യമായ ആ ക്യാന്‍വാസ്!


കുഞ്ഞി വിരല്‍ തൊട്ടെടുത്ത
സ്നേഹകൂട്ടിന്റെ ചായം
ചാലിച്ചു ചേര്‍ക്കും മുന്‍പേ
ചിറകു വിരിച്ചു പറന്നു
പോയൊരു ബാല്യം!


സ്വപ്‌നങ്ങള്‍ കൂടുകെട്ടിയ
കണ്ണിന്റെ ആഴങ്ങളില്‍
ഒഴുകി വീണ പ്രണയം!
വര്‍ണ്ണച്ചായങ്ങളുടെ
മാന്ത്രികക്കൂട്ടു! 
വരച്ചു തുടങ്ങിയൊരു
നനുത്ത പകര്‍പ്പിന് 
മുഖമേകുംമുന്‍പേ
ഒളിച്ചോടി പോയൊരു
കൌമാരവും!!


കാലത്തിന്റെ തൊടികളില്‍
കോണ്‍ക്രീറ്റ് കാടുകളില്
വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍
കോറിയിട്ട മുഖത്തിനായീ
തിരഞ്ഞുകൊണ്ടിരുന്നു
തുടിക്കുന്ന യൌവ്വനം!


ഈ പകല്‍ വെളിച്ചം
പൊലിഞ്ഞുപോകും മുന്‍പേ
കാത്തിരുന്ന കരുതലിന്     ‍
മുഖമൊന്നു വരച്ചു
ചേര്‍ക്കാന്‍ ത്രസിച്ചു 
കൊണ്ടിരിക്കുന്നു
നരച്ചു തുടങ്ങിയ 
ആ ക്യാന്‍വാസ് മാത്രം!!

(മലയാളം വരിക &
പുതുകവിത )



)

Sunday, October 9, 2011

വാല്‍നക്ഷത്രം അടയാളപെടുത്തുന്നത്!

നീ കോറിയിട്ട വാക്കുകള്‍
ആകാശത്തു വെട്ടി വീണ
മിന്നല്‍ പിണര്‍ പോലെ
കൊള്ളി തീര്‍ത്ത്‌ വിറപ്പിക്കും ,
മനസിന്റെ ചായ്പ്പില്‍ പതുങ്ങി
കിടക്കും മയിപീലി തുണ്ടിനെ!

പ്രണയത്തിന്റെ പെരുമഴയത്ത്
കുട ചൂടി ഇറങ്ങി പോയ മൌനം
ഇറയത്തു ഒതുങ്ങനാവാതെ
മഴക്കുള്ളില്‍ പതുങ്ങി കിടക്കും!

കൈകോര്‍ത്തു നടന്ന വാക്കുകളെ,
ഒളിച്ചോടിപോയ നിലാവിനെ.
ചെമ്പകം മണക്കുന്ന
സ്വപ്നങ്ങളുടെ രാവിനെ
ഓര്‍ത്തങ്ങനെ കിടക്കും!

കണ്ണിന്റെ കോണില്‍
ഉദിച്ചുയര്‍ന്ന വാല്‍നക്ഷത്രം
പൊട്ടിച്ചിതറി ചീളുകളായി
തറച്ചിറച്ചിറങ്ങുമ്പോള്‍
അടര്‍ന്നു വീണൊരു
ചോരപ്പൂക്കള്‍ നിലം തൊടാതെ
ഹൃദയത്തിന്റെ ചുവരുകളില്‍
പറ്റിപിടിച്ചിരിക്കും ....!

അപ്പോഴും പടിയിറക്കലില്
പിടച്ചു കൊണ്ടിരിക്കും
നിന്നെ കുടിയിരുത്തിയ വീട്!!

(ആനുകാലിക കവിതയില്‍ പ്രസിദ്ധികരിച്ചത്)