Showing posts with label ജനനി മാസിക. Show all posts
Showing posts with label ജനനി മാസിക. Show all posts

Saturday, February 1, 2014

നീയും ഞാനും- നമ്മള്‍!!







ഒരു കൈകുഞ്ഞു പോലെ നെഞ്ചില്‍ 
പറ്റിപിടിച്ചു കിടക്കുന്നുണ്ട്
കളഞ്ഞു കിട്ടിയ ചില ദിവസങ്ങള്‍ 

കൈവെള്ളയില്‍ പൂട്ടി വെച്ചിരിക്കുന്നു
കസ്തൂരി  മണക്കുന്ന  നിമിഷങ്ങള്‍ 
കറുത്ത കാടിനുള്ളില്‍   മാന്‍പേട പോലെ 
തുള്ളിയോടുന്നുണ്ട് ഓര്‍മ്മകള്‍!!

ഇടയ്ക്കിടെ താണ്ടി പോകുന്നുണ്ട് 
സ്വാര്‍ത്ഥത   പൂക്കുന്ന പാഴ്മരങ്ങള്‍!
വെട്ടിമാറ്റാനാവാത്ത നിസഹായത
നിഴല്‍ വിരിക്കുന്ന  വഴികള്‍ !!

നൊമ്പരങ്ങളുടെ ഇരുള്‍ വീണ വഴിയില്‍  
ഒരു പൊട്ടു നിലാവിന്റെ  തിളക്കം!
ഇതള്‍ വിടര്‍ന്നു സുഗന്ധം പൊഴിക്കും
നിശാഗന്ധിയായ് ചില  നാളുകള്‍!!

ഒഴുക്കിനടിയില്‍ ഒളിപ്പിച്ചു വച്ച നിശ്ചലത
വിരുന്നു വന്നൊരു വൈകുന്നേരം 
കൈപിടിച്ച് കൊണ്ടുവരുന്നുണ്ട് 
എന്നോ കളഞ്ഞു പോയൊരു വസന്തത്തെ!
നീയും ഞാനും നമ്മളായതു പോലെ!!


Sunday, October 7, 2012

കാലം മായ്ക്കാത്ത മുറിവുകള്‍!


ശൂന്യതയിലേക്ക് ആണ്ടു പോയ
മിഴികളില്‍ തങ്ങി നില്‍ക്കുന്നു
ഒഴുകി വീഴാന്‍ ഇടമില്ലാതെ
വീര്‍പ്പുമുട്ടുന്ന ജലകൂട്ടം!

പിന്നിലെ ചുവര്‍ ചിത്രങ്ങളില്‍
തിരയൊടുങ്ങാത്ത പകയുടെ
കടല്‍ ഇരമ്പിയാര്‍ക്കുന്നു!
തീവ്രവാദത്തിന്‍ വിഷ ദംശമേറ്റ്
പ്രജ്ഞയറ്റ  സ്മൃതികള്‍
തോക്കിന്‍ മുനകളില്‍
പറ്റിപിടിച്ചിരിക്കുന്നു!

ഓര്‍മയില്‍ പാഞ്ഞെത്തിയ
വെടിയുണ്ടകള്‍   നെഞ്ചിന്‍ ‍ കൂട്
തകര്‍ത്ത് തുളച്ചു കയറുന്നുണ്ട്
തെറിച്ചു വീണ ചോരപ്പാടുകളില്‍
ഉയര്ത്തു വരുന്നുണ്ട്
ഒരായിരം കത്തിരുപ്പുകള്‍!!
അപ്പോഴും ജീവിതങ്ങളില്‍ 
കരിനിഴല്‍ വീഴ്ത്തി
മരണ കെണികള്‍ തീര്‍ത്ത്‌
ബന്ധങ്ങള്‍ വെട്ടി മുറിച്ചു 
നടന്നു പോകുന്നുണ്ടു
അന്ധക്കാരത്തിന്റെ
കൈപിടിച്ചൊരു
തത്വശാസ്ത്രം!
 


Tuesday, June 19, 2012

എന്നിട്ടും...........!!


ദ്രുത  താളമായ് നിറഞ്ഞു 
പെയ്യുകയാണ്   നീയെന്നില്‍ 
നിഴല്‍  വീണ വഴിയില്‍ 
ഒരു ചുംബനത്തിന്റെ ചാരുത 
സിരകളിലൂടെ അരിച്ചിറങ്ങുന്നുണ്ട് 
ആഴങ്ങളോളം തിരയിളക്കുന്നുണ്ട് 
ജീവ സ്പന്ദനം  പോലെ!!

തൊട്ടുണര്‍ത്തുന്നുണ്ടെന്നെ 
കവിതയിലെക്കെന്നപ്പോലെ!
കെട്ടിപിണഞ്ഞു  കിടക്കുന്നുണ്ടു 
നമ്മള്‍ കാട്ടുവള്ളിയായി....
വിരിഞ്ഞുലയുന്നുണ്ട്  
ഇരുട്ടിന്റെ താഴ്ചയില്‍ 
പൂത്തിറങ്ങും  മിന്നാമിന്നികള്‍ 
കോര്‍ത്തിരിപ്പുണ്ട് പരസ്പരം
വേര്തിര്‍ച്ചെടുക്കനകാതെ !
ദൂരമെത്ര താണ്ടി ഞാന്‍ നിന്നില്‍

എന്നിട്ടും ...........
നിന്റെ ചുംബനങ്ങള്‍ നട്ടു വച്ച
ഈ മണ്ണില്‍ ഇനിയുമെത്ര
ദൂരെയാണ് ഒരു പൂക്കാലം!!!

(ജനനി മാസിക മെയ്‌ ലക്കം)