Friday, July 13, 2012

അലങ്കാര വൃക്ഷം


സ്വീകരണ മുറിയുടെ മൂലയില്‍ 
ചിത്രപണികള്‍ കൊണ്ടലങ്കരിച്ച  
ചട്ടിയൊന്നില്‍ പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട് 
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ !!

കണ്ണാടി മാളികയിലെ 
നിഷേധങ്ങളുടെ ചതുപ്പില്‍
പതുങ്ങി കിടന്നു സ്വപനം കാണുന്നുണ്ട് 
നനവുകളിലേക്ക്  പടരും വേരിനെ 
ഇലയില്‍ ചുംബിച്ചും കൊമ്പ് കോര്‍ത്തും 
പ്രണയം പങ്കു വക്കും വന്മരത്തെ 
മധുരം നുകരും പകല്‍ വെളിച്ചത്തെ 
നെഞ്ചോടു  ചേര്‍ത്തു പുണരും 
നിലാവിനെ!!

കണ്ണു കൊണ്ടുഴിയുന്നുണ്ട്
തൊട്ടു  നോക്കുന്നുണ്ട് 
വാക്കുകള്‍ കൊണ്ടൊരു ചൂണ്ട
കോര്‍ക്കുന്നുണ്ടതിനെ 
വന്നു പോകും  അതിഥികള്‍ !!

അപ്പോഴും ചിരിച്ചു തലയാട്ടി 
അരുതുകളുടെ   കുറിപ്പടിയില്‍ 
അണിഞ്ഞൊരുങ്ങി നില്‍ക്കും
ഉയരങ്ങളിലേക്ക് പാലമായ  
ഭാര്യയെ പോലെ 
അലങ്കരമായൊരു നിസ്സഹായത !! 

(ചന്ദ്രിക ആഴ്ചപതിപ്പ് ജൂണ്‍ 22)


Tuesday, July 3, 2012

ഒറ്റപ്പെട്ടങ്ങനെ ....



പടിപ്പുരക്കപ്പുറം
അവസാനിക്കുന്ന   വിജനത
കൂട് കൂട്ടിയ   ശിഖരങ്ങള്‍
നിഴല്‍ വിരിക്കുന്ന  
ഓര്‍മയുടെ ഇടവഴികള്‍!! 
 
ഓടിയകലുന്ന വര്‍ഷങ്ങള്‍-
ക്കൊപ്പമെത്തനാവാതെ കിതക്കും
തിരിച്ചറിവിന്‍ രസതന്ത്രം
ചോദ്യചിഹ്നം പോലെ
വളഞ്ഞങ്ങനെ കിടക്കുന്നു!!
 
 
ഊര്‍ന്നു പോകുന്നു 
എട്ടുക്കാലിയെപ്പോലെ
നെയ്തെടുത്ത വലക്കുള്ളില്‍!
ലോകത്തെ  മറയാക്കി
അവനിലേക്ക്‌ തന്നെ
മടങ്ങിയങ്ങനെ!!
 
ചൂണ്ടാക്കാരന്റെ നിശ്ചലതയും
വേട്ടക്കാരന്റെ വേഗതയും
വന്നുപോകുന്നവനില്‍
അടയാളമൊന്നും
ശേഷിപ്പിക്കാത്ത
ഋതുക്കള്‍ പോലെ!!
 
 
സങ്കടപുഴകള്‍ നീന്താതെ
സന്തോഷത്തിന്‍
കുന്നുകള്‍ കയറാതെ
പിന്‍ വിളികള്‍ക്ക്
കാതോര്‍ക്കാതെ 
അവന്‍ ...
ആള്‍ക്കൂട്ടത്തിനിടയില്‍
ആരവങ്ങള്‍ക്കിടയില്‍
ഒറ്റപെട്ടങ്ങനെ...
ശൂന്യതയില്‍ പിറന്നു  
വീഴും കവിത പോലെ!!!