Saturday, February 1, 2014

നീയും ഞാനും- നമ്മള്‍!!







ഒരു കൈകുഞ്ഞു പോലെ നെഞ്ചില്‍ 
പറ്റിപിടിച്ചു കിടക്കുന്നുണ്ട്
കളഞ്ഞു കിട്ടിയ ചില ദിവസങ്ങള്‍ 

കൈവെള്ളയില്‍ പൂട്ടി വെച്ചിരിക്കുന്നു
കസ്തൂരി  മണക്കുന്ന  നിമിഷങ്ങള്‍ 
കറുത്ത കാടിനുള്ളില്‍   മാന്‍പേട പോലെ 
തുള്ളിയോടുന്നുണ്ട് ഓര്‍മ്മകള്‍!!

ഇടയ്ക്കിടെ താണ്ടി പോകുന്നുണ്ട് 
സ്വാര്‍ത്ഥത   പൂക്കുന്ന പാഴ്മരങ്ങള്‍!
വെട്ടിമാറ്റാനാവാത്ത നിസഹായത
നിഴല്‍ വിരിക്കുന്ന  വഴികള്‍ !!

നൊമ്പരങ്ങളുടെ ഇരുള്‍ വീണ വഴിയില്‍  
ഒരു പൊട്ടു നിലാവിന്റെ  തിളക്കം!
ഇതള്‍ വിടര്‍ന്നു സുഗന്ധം പൊഴിക്കും
നിശാഗന്ധിയായ് ചില  നാളുകള്‍!!

ഒഴുക്കിനടിയില്‍ ഒളിപ്പിച്ചു വച്ച നിശ്ചലത
വിരുന്നു വന്നൊരു വൈകുന്നേരം 
കൈപിടിച്ച് കൊണ്ടുവരുന്നുണ്ട് 
എന്നോ കളഞ്ഞു പോയൊരു വസന്തത്തെ!
നീയും ഞാനും നമ്മളായതു പോലെ!!


Tuesday, January 28, 2014

പൂച്ച....!!

പൂച്ച....!!
 
ഒരു  പൂച്ചയെ പോലെയാണ്
അവന്‍ എന്റെ കൂട്ടിലേക്ക് വന്നത്
പമ്മി പമ്മി  ഒച്ചയില്ലാതെ
പല്ലും നഖവും പുറത്തെടുക്കാതെ....
ശന്തനായീ  പതുങ്ങി കിടന്നു...
മിനുത്ത രോമങ്ങള്‍ കൊണ്ട്
എന്നെ തഴുകി....എന്നോട് ചേര്ന്നു....
സ്നേഹത്താല്‍ നക്കി തോര്ത്തിയങ്ങനെ!!
 
പൂച്ചയല്ലേ? എത്രനാള്‍ പല്ലും നഖവും  
പുറത്തെദുക്കാതിരിക്കാനാവും ?
എത്രനാള്‍ അവനിലെ അവനെ 
 ഒളിപ്പിച്ചു  വയ്ക്കാനാവും?
ഒരിക്കല്‍ പുറത്തു വന്നല്ലേ  മതിയാകു!!
 
മീശ വിറപ്പിച്ചു  മുതുകു വളച്ചു
നിവര്‍ന്നു നിലക്കാനുള്ള ശ്രമമുണ്ടല്ലോ
പല്ലും നഖവും നീട്ടി ഇരയുടെ
നേരെ പഞ്ഞടുക്കുന്ന മറ്റൊരു മുഖം!
ശൌര്യം കാട്ടാനുള്ള വ്യഗ്രതയില്‍
അറിയാതെ പോകുന്നപ്പോഴും  മുതുകു
വളഞ്ഞു  നാലു കാലിലാണ് നില്പ്പെന്ന സത്യം!!
 
ഒരു കളിപ്പാട്ടമായ് ഇരയുടെ
മനസിനെ തന്നെ പുറത്തെടുത്തു
തട്ടിയുരുട്ടി ഉല്ലസിച്ചാഹ്ലാടിക്കുന്നു!!
പ്രാണന് വേര്‍പെടുന്ന നിലവിളിയില്‍
കളിയുടെ ലഹരി നുണയുന്ന നിന്റെ വിനോദം!!
 
കൊണ്ടുപോകുന്നുണ്ടോടുവില്‍
കൂട്ടുകെട്ടിന്‍ പട്ടടയോളം
ജീവനോടെ മൂടി പുതക്കനായ്!!

Saturday, January 25, 2014

കാഴ്ചക്കപ്പുറം  


  



തൊടുത്തു വിട്ട കല്ലുകള്‍ 
വട്ടം കറങ്ങി ആകാശത്തിലേക്ക്
ചാടി കയറി പട്ടമായ്‌ പറക്കുന്നു!

ഇടവഴികളില്‍ പതിയിരിക്കും
തൊട്ടാവാടികള്‍ ഉയര്‍ത്തെഴുന്നേറ്റു
കൂട്ടം കൂടി കാടായി മാറുന്നു!!

കല്ലറകള്‍ വിരുന്നു ശാലകളായി 
ചെറുക്കാറ്റുകള്‍ കൂട്ടമായ്‌ വന്നു 
വിണ്ണിന്റെ മുന്നില്‍ ഇളകി ആടുന്നു!!

അടക്കം ചെയ്യപെട്ട കത്തിരുപ്പുകള്‍
ഉയര്പ്പിന്റെ കാഹളം മുഴക്കി 
നഷത്രമായി ഉദിച്ചുയരുന്നു !!

ഇരുട്ടില്‍ നിന്നും ഒളിച്ചോടിയ 
ഒരു തുണ്ട് വെയില്‍ പകലിന്റെ
കൈകുള്ളില്‍  കുരുങ്ങി കിടക്കുന്നു!!

സായാഹ്ന സവാരിക്ക് ഇറങ്ങി 
നടന്ന മനസ്സ് പൂക്കാത്ത കൊമ്പത്ത്
പ്രതീക്ഷയുടെ മൊട്ടായീ വിടരുന്നു!

അപ്പോഴും കാണാമറയത്തെ കാഴ്ചയില്‍ 
കണ്ണീരു വറ്റിയ മണ്‍കുടം വാ പിളര്‍ന്നു
ഒരു തുള്ളി ചിരിമഴയെ കാത്തിരിക്കും!!

കൈക്കൂപ്പി കണ്ണടച്ചു 
അണ്ണന്‍ കുഞ്ഞിന്റെ പ്രാര്‍ത്ഥന പോലെ!!!

(ലയാളം പത്രത്തിൽ  പ്രസിദ്ധികരിച്ചത് Feb  2013)