Friday, December 31, 2010

തുള്ളി തുളുമ്പി....ഒരു വര്ഷം കൂടി.....

കാലത്തിന്റെ കലണ്ടറില്‍ നിന്നു
ഒരു താള്‍ ചീന്തിയെറിയപെട്ടു
ഒരു പുതുവര്‍ഷ പുലരികൂടി
കണികണ്ടുണരാന്‍ ഇടയാക്കി
ആ സര്‍വ്വേശ്വരന്‍ !!

എന്റെ കൂട്ടില്‍ നിന്നും
എന്നോ പടിയിറങ്ങി പോയ നീ
രണ്ടായിരത്തി പത്തു
മാര്‍ച്ചിലെ ചൂടില്‍
നനുത്ത കാറ്റായീ
എന്നെ തഴുകിയെത്തിയപ്പോള്‍
ആട്ടിയോടിക്കാനൊരു
പാഴ്ശ്രമം നടത്തി ഞാന്‍....
നീ എന്നെ വിട്ടുപോകാന്‍
ഒരുക്കമാല്ലാതെ നിന്നപ്പോള്‍
എന്റെ വിരല്‍ തുമ്പിലൂടെ
നീ പുറത്തേക്ക് ഒഴുകിയെത്തി....
എന്നിലേക്ക്‌ പടര്‍ന്നു കയറി....
കവിത.....!!! നീ എനിക്ക്‌
തിരിച്ചു കിട്ടിയ പുണ്യം!!!
നിന്നിലൂടെ എനിക്ക്‌ കിട്ടിയതൊക്കെയും
എന്നും പ്രിയപെട്ടവയാണെനിക്ക്

എന്റെ പ്രിയ ചങ്ങതിയായീ....
ഇണയായീ....തുണയായീ
നിന്നെ എന്നിലേക്ക്‌
മടക്കി അയച്ച
സര്‍വ്വേശ്വരനോട്‌
ഒരു വാക്ക് മാത്രം....
നന്ദി!!!!..നന്ദി!!!..നന്ദി.!!!....

Sunday, December 12, 2010

വീട്

ഈ വീട് ഇന്നലെ വരെ
ചുടുകട്ടകള്‍ അടുക്കി വച്ചു...
സിമെന്റ് തേച്ചു ഉറപ്പിച്ചു
പടുത്തുയര്‍ത്തിയൊരു മന്ദിരം..
നിശബ്ദതയുടെ കൂടായ
വികാരങ്ങളില്ലാത്ത വെറുമൊരു
താവളം മാത്രമയിരുന്നെനിക്ക്

ഇന്നു
വല്ലാത്തൊരു ആത്മബന്ധം
അനുഭവിച്ചറിയുന്നു ഞാന്‍
കൊച്ചു കൊച്ചു പിണക്കങ്ങളും
വല്ല്യ വല്ല്യ ഇണക്കങ്ങളും
സ്നേഹത്തില്‍ ചലിച്ചു
നല്‍കിയൊരു നിറം
ചുവരുകളില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍
പ്രകാശം കൊണ്ട് നിറഞ്ഞത്‌
എന്റെ മനസും ഈ വീടും!!
കുട്ടികളുടെ കളിചിരിക്കള്‍ക്കായീ
തളം കെട്ടിയ നിശബ്ധത
വഴി മാറിയപ്പോള്‍
ശബ്ദമുഖരിതമായീ
സ്നേഹം തുളുമ്പും ഈ വീട് !!

Tuesday, December 7, 2010

കറുപ്പിന്റെ മറവില്‍

മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം
കടലിലേക്ക്‌ ഇറങ്ങി ചെന്ന്
ആഴങ്ങളോളം മുങ്ങി തപ്പി
നക്ഷത്ര മത്സ്യങ്ങളെ
സ്വന്തമാക്കി മടങ്ങി ...

ഇണങ്ങിയും പിണങ്ങിയും
സല്ലപിക്കും ഇണകുരുവികളുടെ
സ്വൈരത കവര്‍ന്നെടുത്തു
ആദിത്യനും ആഴങ്ങളിലേക്ക്
മറഞ്ഞു പോയീ....

കറുപ്പിന്റെ മറവില്‍
യഥേഷ്ടം വിഹരിക്കും
കറുത്ത കൈയ്യിലെ
കറകളിലേക്ക്
കണ്ണുതുറന്ന ചന്ദ്രനോ
ഒളിച്ചോടനകാതെ
പകച്ചു നില്‍ക്കുന്നു !!!

(കണികൊന്നയില്‍ പ്രസിദ്ധികരിച്ചത്)

Friday, November 26, 2010

അങ്ങനെ ചിലത് ...

ചില ഓര്‍മ്മകള്‍ അങ്ങനെയാണ്
എത്ര മറക്കാന്‍ ശ്രമിക്കുന്നുവോ
അത്രയും ശക്തിയായീ
പിന്തുടരുന്നു

ചില നാളുകള്‍ അങ്ങനെയാണ്
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും
അത്രയും ശകതമായീ
തേടിയെത്തും

ചില ബന്ധങ്ങള്‍ അങ്ങനെയാണ്
എത്ര പൊട്ടിച്ചെറിയാന്‍ ശ്രമിച്ചാലും
അത്രയും ശക്തമായീ
കോര്‍ത്തിണക്കപെടും

അങ്ങനെ ഒരോര്‍മ
അങ്ങനെ ഒരു നാള്‍
അങ്ങനെ ഒരു ബന്ധം
അങ്ങനെ ഒന്നാണ്
എന്റെ വിവാഹവും

Friday, November 12, 2010

കൊഴിഞ്ഞു പോകും നേരം...(ഫാള്‍)

മഞ്ഞുപ്പെയ്യുന്ന  ഒരു വൈകുന്നേരത്ത്
വിറങ്ങലിച്ച തടിബഞ്ചില്‍ വച്ചാണ്
നമ്മള്‍ ആദ്യം കണ്ടുമുട്ടിയത്‌
നീ എന്നിലേക്ക്‌ ഒഴുകി
വരുകയായിരുന്നു ..


ഒരു പൂവിതള്‍ പോലെ
നിന്റെ സൌന്ദര്യം കണ്ടാണ്‌
നിന്നെ ഞാന്‍ എടുത്തു വച്ചത് !


പച്ചയായീ ജനിച്ച നീ
മഞ്ഞയായീ...ചുവപ്പായീ....
ജ്വലിക്കുന്ന സൌന്ദര്യമായീ
മാറിയിട്ടൊരു നാള്‍
കൊഴിഞ്ഞു വീഴുമ്പോള്‍
നിന്റെ അമ്മ എത്രമേല്‍
വേദനിക്കുന്നുണ്ടാവും!!


ഇത്രമേല്‍ സൌന്ദര്യം
നിനക്ക് പകര്‍ന്നേകി
സൃഷ്ടിച്ചത് സംരക്ഷിച്ചത്
അവളുടെ ഭാഗമാക്കിയത്
ഇങ്ങനെ ഒരു നാള്
കൊഴിഞ്ഞു പോകുമെന്നു
അറിയാതെ ആയിരുന്നിരിക്കാം!!!

Sunday, November 7, 2010

ഓര്‍മയുടെ ചക്രവാളത്തിലെ നിലാവെട്ടം

(കവി അയ്യപ്പന് ആദരാഞ്ജലികള്‍. എന്റെ പ്രിയ സുഹൃത്ത്‌ ആവശ്യപെട്ടതനുസരിച്ചു കവി അയ്യപ്പനെ കുറിച്ച് ഏതാനും ചില

വരികള്‍ ഇവിടെ കുറിക്കട്ടെ ...)



അക്ഷരങ്ങളുടെ ആകാശ മുറ്റത്തു
സൂര്യ പ്രഭയോടെ തിളങ്ങിനിന്ന
കറുത്ത മുത്തെ... നീ
ഓര്‍മയുടെ ചക്രവാളത്തിലേക്ക്
മറഞ്ഞപ്പോള്‍ ഉദിച്ചു ഉയര്‍ന്നത്
ഒരമാവാസിക്കും  മറയ്ക്കാനാവാത്ത
ചന്ദ്രബിംബം പോലെ
നിലാവെട്ടംപ്പൊഴിക്കുന്ന 
നീ രചിച്ചൊരു അക്ഷര
കാവ്യങ്ങള്‍ ആയിരുന്നു !!
അക്ഷര ലോകത്തെ കറുത്ത മുത്തെ
നിന്റെ വേര്‍പാടിന് മുന്നില്‍...
കണ്ണീര്പൂക്കളാല്‍ ഈ അര്‍ച്ചന....!!!

Thursday, October 28, 2010

മറുകാഴ്ച

നിന്നെ കാണുമ്പോഴൊക്കെ
ചെവി പൊത്തി കണ്ണുപൊത്തി
വാ പൊത്തിയ ബിംബങ്ങളെ
ഓര്‍മിച്ചു ഞാന്‍

കരയാതെ നീ പിറന്നപ്പോള്‍
വിരിഞ്ഞതൊക്കെ കണ്ണീര്‍ പൂക്കള്‍
വിരല്‍ തുമ്പിലെ നൂല്‍ ബന്ധത്തില്‍
ചലിക്കും പാവയെ പോലെ
നിന്റെ ചലനങ്ങള്‍
ചിലപ്പോള്‍ നീ കരഞ്ഞു
ചിലപ്പോള്‍ നീ ചിരിച്ചു
എന്തിനെന്നു പോലും അറിയാതെ

നിശബ്ദതയുടെ തടവറ
ഭേദിച്ച് എത്തി നോക്കും
നിന്റെ മൊഴികള്‍
തത്തമ്മ പെണ്ണിന്റെ
മറുവാക്ക് പോലെ
ആവര്‍ത്തിച്ചിരുന്നു

നിന്റെ വഴികള്‍ പിന്തുടര്‍ന്ന്
നിന്നിലേക്ക്‌ എത്തിച്ചേരാന്‍
ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ
നിസഹായത ചാട്ടുളിയായീ
തുളഞ്ഞു കയറുന്നത് ഞാന്‍ അറിഞ്ഞു
നീ തീര്‍ത്തൊരു ലോകത്തിലേക്ക്‌
നീ നടന്നു മറഞ്ഞപ്പോള്‍
ചലനമറ്റു നോക്കി നില്‍ക്കാനേ
എനിക്ക്‌ കഴിഞ്ഞുള്ളൂ....!!!



Published in തര്‍ജ്ജനി, ഒക്ടോബര്‍ 2010, Volume 6, No. 10

Saturday, October 16, 2010

ഹൃദയശാസ്ത്രം

കെന്നഡി സാറിന്റെ ചൂരലും
അമ്മിണി ടീച്ചറിന്റെ ഉണ്ടക്കണ്ണും
കണക്കിലെന്നെ മെരുക്കിയപ്പോള്‍
ലീലാവതി ടീച്ചറിന്റെ സ്നേഹശാസന
സയന്‍സിനെ ഉള്‍കൊള്ളാന്‍ പഠിപ്പിച്ചു

അനുഭവശാലയില്‍ നിന്നും
ഹൃദയശാസ്ത്രം മന സ്സി ലാക്കി
തള്ളാനും കൊള്ളാനും പഠിച്ചു
എന്നഹങ്കരിച്ചു നില്ക്കുമ്പോഴും
അറിയാതെ ചോദിച്ചു പോകുന്നു
ഇന്നിന്റെ ഹൃദയശാസ്ത്രം
പഠിക്കാന്‍ ഏതു പാഠശാലയെയാണ്
ആശ്രയിക്കേണ്ടത്.... ?

Saturday, October 9, 2010

മൌനത്തിന്‍ തോട്

നിശബ്ദത വേലി കെട്ടിയ വരമ്പില്‍
മൌനം വിഴുങ്ങി ഞാന്‍
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ
പൊട്ടാന്‍ വെമ്പുന്ന നീ
എന്റെ മൌനത്തിന്‍ തോട്
കൊത്തിയകറ്റാന്‍ നീ ശ്രമിച്ചപ്പോള്‍
കലപില കൂട്ടിയതെന്റെ കനവുകള്‍

മച്ചിയായൊരു സ്ത്രീ പേറ്റുനോവിന്‍
സുഖമറിയും പോലെ
നിറഞ്ഞ മഴയില്‍ നനഞ്ഞു കുതിര്‍ന്ന
മരു പോലെ ഞാന്‍ മാറിടുമ്പോഴും
നിസംഗതയുടെ പുതപ്പണിഞ്ഞു
മുളപൊട്ടിയ കനവുകളെ വലിച്ചെടുത്തു
മൌനത്തിന്‍ തോടിലേക്ക്
ഉള്‍വലിയാനെ കഴിഞ്ഞുള്ളൂ !!

Monday, September 27, 2010

അംഗ്രേസി പരിഷ്ക്കാരം

എനിക്കും വേണമൊരു കൂട്ടുക്കാരന്‍
ഡേറ്റിങ്ങിനും ചാറ്റിങ്ങിനുമായീ
അമ്മിഞ്ഞപ്പാലിന്റെ
നറുമണം മാറാത്ത
മൂന്നു വയസുക്കാരിയുടെ
ചൊടികളില്‍ നിന്നടര്‍ന്നു വീണത്‌
പതിനേഴിന്റെ പടിവാതിക്കലെത്തി
സ്വപ്നം കാണും പെണ്‍കൊടിയുടെ
കനവുകള്‍ പോലെ വ്യക്തമായിരുന്നു!

മുത്തശി കഥകള്‍ കേട്ടും
ടോം ആന്‍ഡ്‌ ജെറി
കാര്‍ട്ടൂണ്‍ കണ്ടും
ചിരിച്ചു രസിക്കേണ്ട
മൂന്നു വയസുക്കാരി
നിലാവിലെ പ്രണയ കഥ
വിവരിച്ചപ്പോള്‍
നാണത്താല്‍ ചുവന്നു
തുടുക്കുന്ന മുഖം
 സിനിമയിലെ നായികയെ
ഓര്‍മ്മപ്പെടുത്തി !!
തിരുത്തികുറിക്കും വളര്ച്ചഘട്ടം
മാറ്റിമറിക്കും കാഴ്ച്ചപാടുകള്‍
പരിഷ്കൃത നാട്ടിലെ
അംഗ്രേസി  പരിഷ്ക്കാരം!!!

Monday, September 20, 2010

അമ്മയെ വായിച്ചറിഞ്ഞ നാള്‍


കാലത്തിന്‍ കണ്ണാടിയില്‍
നിറവാര്‍ന്നൊരു ചിത്രം
തെളിഞ്ഞിരുന്നു
അമ്മയെ വായിച്ചറിഞ്ഞ നാളുകള്‍

എന്നുള്ളില്‍ ജീവന്റെ
തുടിപ്പ് മൊട്ടിട്ടപ്പോള്‍
മനസിന്റെ തന്ത്രികള്‍ മീട്ടും
വീണാനാദം കേട്ടിരുന്നു
ഉദരത്തിലെ ചലനങ്ങള്‍
മനസിന്റെ മേടയില്‍
നൃത്താനുഭവം തന്നിരുന്നു

കേള്‍ക്കാത്ത സംഗീതത്തില്‍
കാണാത്ത ചുവടുകളില്‍
അറിയാതെ...അറിയാതെ
ഞാന്‍ അലിഞ്ഞിരിന്നു....

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം....
ഹാ..അനുഭൂതിയുടെ കുളിര്‍-
തെന്നലില്‍ ചുരത്തിയ മുലപ്പാല്‍
നനവായീ പടരുന്നത്‌
ഞാന്‍ അറിഞ്ഞിരുന്നു
അമ്മ!!! അമ്മയെ വായിച്ചറിഞ്ഞ നാള്‍ !!

Monday, September 13, 2010

അസ്തമയം





ആഴങ്ങളില്‍ മറയും സൂര്യ
നീ അവാഹിച്ചെടുത്തിട്ടുണ്ടോ
എന്റെ നൊമ്പരങ്ങളുടെ കടലിനെ
ആകാശത്തിന്റെ ചെരുവില്‍ വെച്ചു
മേഘങ്ങള്‍ നിറങ്ങള്‍ ചാര്‍ത്തി തന്നെ

എന്റെ സ്വപ്നങ്ങളെ
നീ കടലിന്റെ ആഴത്തിലെ
മുത്തുകള്‍ക്കു സമ്മാനിക്കുമോ

ഒരു പകല്‍ മുഴുവനു
ഒറ്റ മുറിയില്‍ ഏകാന്തതയില്‍
നിന്റെ വെളിച്ചത്തെ സാക്ഷിയാക്കി
ഞാനൊരു കിനാവിനെ പ്രസവിച്ചിട്ടുണ്ട്

കുട്ടികൊണ്ട് പോവുക
മീനുകല്‍ക്കൊപ്പം കളിയ്ക്കാന്‍ വിടുക
നിന്റെ പ്രകാശം തട്ടി
ഞാനുമിപ്പോള്‍ ആരുമറിയാതെ
ജ്വലിക്കുന്നു നിറം വക്കുന്നു
വിരിയുന്നു


(വര്‍ഷങ്ങള്‍ക്കു ശേഷം അച്ചടി മഷി പുരണ്ട എന്റെ  കവിത
ഹലോ കേരളയില്‍ ...)

Tuesday, September 7, 2010

മഷി കറുപ്പ്

പേനയില്‍ നിന്നും കുടഞ്ഞിട്ട
മഷി പോലെ പടരുന്നു
നിന്റെ വാക്കുകള്‍
എന്റെ ഹൃത്തടത്തില്‍

സ്നേഹത്തിന്‍ തൂവാല
കൊണ്ടൊപ്പിയെടുക്കാന്‍
തുടങ്ങിയപ്പോള്‍
മഷികറുപ്പ്‌ കൊണ്ട്
വികൃതമായീ തൂവാല !!

സൌഹൃതത്തിന്‍ തെളിനീര്‍
തൂകി വെടിപ്പാക്കാന്‍
ശ്രമിച്ചപ്പോള്‍
തെളിനീരില്‍ കലര്‍ന്നു
ആ മഷി കറുപ്പ്

പുലര്‍കാലെ തെളിയുന്ന
കിരണങ്ങള്‍ പോലെ
തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!

Saturday, August 28, 2010

മൂര്‍ച്ചയേറിയ......

ഒരു രാത്രിയില്‍ പകര്‍ന്നെടുത്ത

സുഖത്തിന്റെ ബാക്കിയായീ

വഴിയോരത്തില്‍

പെറ്റിട്ട അനാഥത്വം

ആയിരം കത്തിമുനയുടെ

മൂര്‍ച്ചയോടെ

കുത്തിയിറങ്ങുന്നു

മനസാക്ഷിയറ്റു പോയൊരു

സമൂഹ മനസ്സില്‍ !!!



(സൈകതത്തില്‍ പ്രസിദ്ധികരിച്ചത്)

Friday, August 20, 2010

വരുമോ വീണ്ടും ആ മാവേലി!?

മഴ പെയ്താല്‍ കരയുന്ന വീട്
പട്ടിണി പായയില്‍
ഉറങ്ങി പോയ മക്കള്‍
ഉറക്കമില്ലാത്ത അവനില്‍
കനലായീ എരിയുന്നു ഓണം!

കാണം വിറ്റും ഓണം കൊള്ളണം
എന്നൊരു പഴമൊഴി നിലനില്‍ക്കെ
വില്‍ക്കാന്‍ കാണം പോലുമില്ലെങ്കില്‍
എന്ത് ചെയ്യുമെന്ന് ചിന്തിച്ചവന്‍!!


ആര്‍ഭാട കാഴ്ചകളിലും
കമ്പോളങ്ങളിലും ബാറുകളിലും
തെരുവോരങ്ങളിലുമായീ
ഇന്നത്തെ ഓണം
നിറഞ്ഞു നില്‍ക്കുന്നു....
പൂക്കളവും സദ്യവട്ടങ്ങള്‍ പോലും
കമ്പോളങ്ങളില്‍ ലഭ്യമാകുമ്പോള്‍
അവിടെ ഓണാഘോഷങ്ങള്‍
ഗംഭീരമായീ തീരുന്നു

അപ്പോഴും തിരയുന്നവന്‍..
ഇതിഹാസ മാവേലി
വന്നിടുമോ വീണ്ടും
നിറവയര്‍ ഭക്ഷണം സ്വപനം
കാണും എന്‍ പൈതങ്ങളുടെ
സ്വപ്ന സാക്ഷത്കാരത്തിനായീ!!?





( നാട്ടുപച്ചയില്‍ പ്രസിദ്ധികരിച്ചത് )

Sunday, August 1, 2010

ബൂമറാങ്ങ്

വല്ലാത്ത കനം തോന്നിയപ്പോഴാണ്

നെഞ്ചോടു ചേര്‍ത്തു വച്ച

പ്രണയം വലിച്ചെറിഞ്ഞത്

ബൂമറാങ്ങ് പോലെ കറങ്ങി

തിരിച്ചെത്തിയപ്പോള്‍

അതിനു നിന്റെ മുഖമായിരുന്നു !!!

Monday, July 26, 2010

എരിഞ്ഞടങ്ങും നോവ്‌


ഈ ഭൂലോക സൌന്ദര്യം
മുഴുവനായീ പകര്‍ന്നെടുത്തു
ആകാശത്തിന്‍ ചെരുവില്‍
നിറങ്ങള്‍ ചാലിച്ചോഴുക്കി
ജ്വലിച്ചു നില്‍ക്കും ...
നിന്‍ വദനത്തില്‍
മിന്നിമറഞ്ഞതേതു ഭാവം
സ്നേഹമോ കുളിരോ
ശാന്തിയോ സംതൃപ്തിയോ

ഒരു പകല്‍ മുഴുവന്‍
വെളിച്ചമേകി മടങ്ങുമ്പോള്‍
സംതൃപ്തനായിരുന്നുവോ നീ?
ഒരു പൊട്ടായീ അങ്ങ് ദൂരെ
മറയുമ്പോള്‍ നിന്റെ
ചൊടികളില്‍ നിന്നടര്‍ന്നു
വീണൊരു വാക്കുകള്‍
അലയടിച്ചെത്തി  എന്‍
കര്‍ണങ്ങള്‍ക്ക് ആനന്ദമായീ

അസ്തമയമാകുവോളം
വെളിച്ചമേകുക നിന്‍
ചുററും ഉള്ളവര്‍ക്കായീ
നീ ജ്വാലയായീ എരിയും നോവ്‌
ആരുമറിഞ്ഞില്ലെങ്കില്‍ പോലും !!!

Monday, July 19, 2010

ഹാ ചൂട്,,,

വേനല്‍ ചൂടേറ്റു ഉണങ്ങി

പോയൊരു ഭൂമി പോലെ

വിണ്ടു കീറുന്നു എന്‍

ചിന്താ മണ്ഡലവും....

കാണുന്നില്ല നനവേകാന്‍

ഒരു ഉറവ പോലും

എവിടെയാണ്...എവിടെനിന്നാണ്

ആ ഉറവ എനിക്കായീ

പൊട്ടി പുറപെടുക!!??

Monday, July 12, 2010

മാനവസേവ

നിലാ മഴ പെയ്യും ആകാശമായും
നറുമണമേകും പൂക്കളായും
കുളിരേകും ഇളം തെന്നലായും
നീയെന്നില്‍ നിറയുമ്പോഴും
പൊട്ടിപുറപ്പെടാന്‍ തയ്യാറായി
പതിയിരിക്കുന്നുണ്ടാവാം
കൊടുങ്കാറ്റോ പേമാരിയോ
ഭൂകമ്പമോ ദുരന്തമായീ  !

പ്രളയമെത്ര ഉണ്ടായാലും
വെറുക്കുമോ കടലിനെ
ഭയക്കുമോ പ്രകൃതിയെ ...
നെഞ്ചോടു ചേര്‍ത്ത്
സ്നേഹിക്കുന്നുവെന്നും
ഈ പ്രകൃതിയെ പോല്‍
നിന്‍ ജീവനെയും ജീവിതത്തെയും !!

കണക്കുകള്‍ കൂട്ടിയും കുറച്ചും
വെട്ടിയും തിരുത്തിയും പഴാക്കി
പകയുടെ പാഠങ്ങള്‍ ഉരുവിടുമ്പോള്‍
ജയിച്ചു മുന്നേറാന്‍ മനസിന്റെ വെമ്പല്‍
അറിയുന്നുവോ നീ!!??


സ്നേഹം നിറച്ചിടാം പകര്‍ന്നിടാം
നീട്ടാം സഹായ ഹസ്തമൊന്നു
ആലംബഹീനര്‍ക്കും  അവശര്‍ക്കും
മാനവ സേവ മഹത്തരം
മാധവ സേവക്കു തുല്യമത്
മനുഷ്യനെ അറിയാത്തവന്‍
അറിയുന്നില്ല ദൈവത്തെയും!!!

Monday, July 5, 2010

കൂടണയും നേരം

പൊങ്ങിയും താഴ്ന്നും
വട്ടത്തിലും നീളത്തിലും
ചിറകടിച്ചുയര്‍ന്ന
പ്രാണ വേദനയുടെ
കാറിച്ച തിരിച്ചരിഞ്ഞുവോ

വഴി മാറി ഇടം തെറ്റി
എത്തിയതല്ലിവിടെ
പടുകൂറ്റന്‍ മരമൊന്നു
വെറുമൊരു മരകുറ്റിയായി
അവശേഷിക്കെ എവിടെ
തിരയുമെന്‍ പൊന്നോമന
കുരുന്നു മക്കളെ!!??

പിടക്കുന്നൊരു നെഞ്ചിന്‍
താളമറിഞ്ഞില്ലയാരും
കേട്ടില്ലാരും നെഞ്ച്പൊട്ടും
നീറും വേദനയുടെ
നിലവിളിയൊച്ചയും..!!!.

മരങ്ങള്‍ മുറിച്ചു മാറ്റി
പടുത്തുയര്‍ത്തും
മണി മന്ദിരങ്ങളില്‍ തട്ടി
അലിഞ്ഞു പോയിട്ടുണ്ടാവാം...!!!

Wednesday, June 23, 2010

കാര്‍മേഘ ശകലങ്ങള്‍

കാര്‍മേഘങ്ങള്‍ മൂടി കെട്ടിയ
ആകാശത്തിന്‍ ചെരുവില്‍
നിന്നൊളിഞ്ഞു നോക്കും
സൂര്യന്റെ  മുഖത്തും
നേരിയൊരു ആശങ്കയുണ്ടോ
എന്‍ മുഖത്തെന്ന പോലെ

മഴമേഘങ്ങളെ മുറിച്ചെത്തും
മിന്നല്‍ പിണരിന്‍ ശോഭയില്‍
മങ്ങി പോയതാകാം നിന്‍
മുഖത്തിന്‍ പ്രഭാവലയം
അതോ പ്രണയ പനി തന്‍
ചൂടില്‍ വാടി പോയതോ
തേജസേറും നിന്‍ വദനം

പുതു ദീപത്തിന്‍ പൊന്നൊളി
മിന്നല്‍ പിണരുകള്‍ ആകവേ
ഹൃദയത്തുടിപ്പുകള്‍
ഇടിനാദമായീ മുഴങ്ങവേ
പിടക്കുന്ന നെഞ്ചിനുള്ളില്‍
ഒളിപ്പിച്ചു വെച്ചൊരു
കാര്‍മേഘ ശകലങ്ങള്‍
മഴയായീ പെയ്തിറങ്ങുമ്പോള്‍....
എന്നിലൂടെ ഒഴികിയൊലിച്ചത്
പ്രണയത്തിന്‍ കുളിര്‍മഴയോ

തകര്‍ത്തു പെയ്യും മഴയില്‍
ഒഴികിയോലിച്ചു പോയല്ലോ
ആശങ്കകളും ആകുലതകളും
കത്തിജ്വലിക്കുന്നു നീയും
പടരുന്നു ആ ജ്വാല തന്‍
പ്രകാശമെന്‍ വദനത്തിലും!!

Wednesday, June 16, 2010

പൂ പോലെ...



മുള്ചെടിയില്‍ പൂത്തൊരു
പൂവേ നിനക്കിങ്ങനെ
ചിരിക്കാന്‍ കഴിയുവതെങ്ങനെ!?
പലവട്ടം ചോദിച്ചു ഞാന്‍.....
കിട്ടിയോരുത്തരമോ  ...
വിടര്‍ന്നൊരു ചിരി മാത്രം!!

മധു നുകരുവാനെത്തിയ
ശലഭങ്ങളോടും ചോദിച്ചു ഞാന്‍
നിങ്ങള്‍ക്കറിയുമോ ഇങ്ങനെ
ചിരിക്കുവാനെങ്ങനെ  കഴിയുന്നു
മുള്ളിന്‍ പുറത്തിരുന്നു കൊണ്ട്....!??

പുതു പൂക്കളെ തഴുകിയെത്തിയ
കൊച്ചിളം തെന്നല്‍ എന്‍ ചോദ്യം
കേട്ടൊന്നു ചിരിച്ചു..മെല്ലെ മന്ത്രിച്ചു
സ്വകാര്യമൊന്നെന്‍ കാതില്‍
നീയുമിതുപോലൊരു പൂവാണ്
അവാസന ഇതള്‍ കൊഴിയും വരെ
ചിരിച്ചു നില്‍ക്കും പൂവ്!!!

Wednesday, June 9, 2010

ചില ജന്മങ്ങള്‍

ചില മാനവ ജന്മങ്ങള്‍ .
ഭാരമായി തീര്‍ന്നിടുന്നു ഏവര്‍ക്കും
ജീവിച്ചു തീര്‍ക്കുന്നൊരു ജീവിതം
നോവിന്‍ പൂക്കള്‍ നല്‍കുവാനായി..

മദ്യ സേവ മാത്രമേ സുഖം
മദ്യ ശാലകള്‍ സ്വര്‍ഗ്ഗവും
മനവനായീ പിറന്നുവെങ്കിലും
മൃഗ ജീവിതം നയിചിടുന്നു

മകനായീ ജീവിച്ച നാള്‍
ജന്മമേകിയതിന്‍ ശിക്ഷയായി
കൊടുത്തു മാതാപിതാക്കള്‍ക്ക്
കടലോളം കണ്ണുനീര്‍ !

ഒരായിരം പ്രതീക്ഷയുമായീ
സ്നേഹത്തിന്‍ കൂട് കൂട്ടാന്‍
കൈപിടിച്ച തന്‍ പ്രിയതമക്ക്
സമ്മാനിച്ചു ദുഃഖത്തിന്‍  നീര്കുടം!!

മക്കളായീ പിറന്നവര്‍ക്ക്
ലാളനയല്ല സംരക്ഷണമല്ല...
നല്കിയിതോരായുസിന്‍
വേദനയും അപമാന ഭാരവും!!!

അറിയുന്നില്ല മാനവന്‍...
മദ്യാസക്തി കൊല്ലുന്നവനെയും
കൊല്ലാതെ കൊല്ലുന്നു
അവനു ചുറ്റുമുള്ളവരെയും!!!!

Monday, May 31, 2010

ഒരു തിരി നാളം


ഒരു തിരി പകരും വെളിച്ചം
നിറക്കുന്നു അകവും പുറവും
ദീപമേ... ഓജസേകുന്നു നീ
ഉണര്‍വ്വിന്‍ ഉള്‍വിളിയായീ

രാവിന്‍റെ മാറിലൊഴുകും
പാല്‍ നിലാവ് പോല്‍
ഇരുള്‍ നിറഞ്ഞൊരെന്‍
മനസിന്‍ ഇടനാഴിയില്‍
പ്രത്യാശയാം നിലാ-
വെളിച്ചം പരന്നൊഴുകി

നിറം മങ്ങിയോരെന്‍
സ്വപ്നങ്ങളില്‍ നീ
ആയിരം മഴവില്ലിന്‍
വര്‍ണ്ണങ്ങള്‍ പകര്‍ന്നേകി
കാലം വീഴ്ത്തിയൊരു
കരിനിഴല്‍ മായിച്ചു
പ്രകാശപൂരിതമാക്കി...
എന്‍ അന്തരംഗം ...!!!

Sunday, May 23, 2010

നഷ്ടം

നിശബ്ദതയെ ആവാഹിച്ചൊരു
മുറിക്കുള്ളില്‍ ബന്ധിച്ചു
ശുദ്ധി കലശം ചെയ്തൊരു
മണി മഞ്ചലൊരുക്കി
പ്രതിഷ്ടിച്ചതിന്‍ മേലെ
ചങ്ങലക്കിട്ടൊരു
മൃതപ്രായ ദേഹിയേയും!!

മനസിന്റെ കടിഞ്ഞാണ്‍
ഒന്നയഞ്ഞു പോയതോ...
പിടിവിട്ടു കുതറി
പാഞ്ഞു പോയതോ....
കണ്ണുകള്‍ ചിമ്മി
വലം വച്ചു മുറിക്കുള്ളില്‍
മച്ചിന്റെ മേലെ ഉറച്ചു നോട്ടം

നിറമില്ല രൂപങ്ങള്‍
തെളിയുന്നു സ്ഥാനങ്ങള്‍
മിന്നുന്നു പൊയ്മുഖങ്ങള്‍
ഇതില്‍ എവിടെയാണെനിക്ക്
എന്നെ നഷ്ടമായത്...!!!???

Sunday, May 16, 2010

പുഴ മനസ്

കിലുകിലെ ചിരിച്ചൊഴുകും
പുഴയുടെ തീരത്ത്
കിന്നാരം ചൊല്ലും കരയും
പുഴ മൊഴിഞ്ഞു കരയെ
നീയൊരു സുന്ദരി ഭാഗ്യവതി
നിന്നില്‍ ജന്മമെടുത്തൊരു
വൃക്ഷങ്ങളേകും തണലും
മലരുകള്‍ തന്‍ സുഗന്ധവും
കായ്കനികളുടെ മാധുര്യവും
നുകര്‍ന്നാസ്വദിച്ചു ആനന്ദിച്ചു
വിശ്രമിക്കാം മതിവരുവോളം.....


പുഴയാം ഞാനൊഴുകുന്നു
ഇല്ല തെല്ലും വിശ്രമം
കൊതിയേറെയുണ്ടെങ്കിലും
എന്‍ നീരേകി നിലനിര്‍ത്തുമനേകം
ജീവനുകള്‍ ...ജീവിതങ്ങള്‍
ഓടി കിതച്ചു തളര്‍ന്നു ഞാന്‍
കാതങ്ങള്‍ പിന്നിടുവാന്‍
ഏറെയുണ്ടെനിക്കിനിയും
എത്രമേല്‍ ആഗ്രഹിചീടുന്നൊരു വിശ്രമം
കിട്ടീടുമോ അതെനിക്കെന്നെങ്കിലും?

Monday, May 10, 2010

ജീവിതം

ആടകള്‍ ഓരോന്നും

ഊരി മാറ്റുമ്പോഴും...

ഉള്ളിലെന്തെന്നറിയാനുള്ള

ചിത്തത്തിന്‍ വെമ്പല്‍...

ഏറ്റവും ഒടുവില്‍

ശൂന്യതയില്‍ എത്തും ഉള്ളി

പോലെയാണീ ജീവിതം....!!!

Tuesday, May 4, 2010

ഒറ്റപെട്ടവന്‍

തെരുവിന്റെ സംഗീതം
താരാട്ടിന് ഈണമായീ
ചാവാലി പട്ടികള്‍
കളികൂട്ടുകാരും

മഴയില്‍ നനഞ്ഞും
വെയിലില്‍ വാടിയും
തെരുവിന്റെ മകനായീ
വളരുന്നു ഞാന്‍

ഒരമ്മതന്‍ ഗര്‍ഭത്തില്‍
ഉരുവായി മുളച്ചിട്ട്
ജാതനായീ ഭൂമിയില്‍
ഞാനൊരനാഥനായി

കിട്ടിയിട്ടില്ലൊരിക്കലും
അമ്മ തന്‍ വാത്സല്ല്യം
അമ്മിഞ്ഞ പാലിന്റെ
നിറവ്വും മാധുര്യവും,

തേങ്ങുന്ന മനസെന്നും
തേടുന്നു ഉത്തരം...
'വലിച്ചെറിയുവാന്‍
ആയിരുന്നെങ്കില്‍
നല്കിയതെന്തിനീ
പാഴ്ജന്മം?'

Friday, April 30, 2010

വിര്ച്യുല്‍ ലൈഫ്




കാലത്തിന്‍ കൈപിടിച്ച്
കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ്‌ നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....

അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍ ലൈഫ്

Monday, April 26, 2010

ഭൂമിയോട്....



ഹേ ഭൂമി ....

കടലായീ പുഴയായീ

നദിയായീ ..തോടായീ

കിണറായീ കുളമായി

ഇത്രമേല്‍ വെള്ളം

നിന്നില്‍ നിറഞ്ഞിട്ടും

ഒരു തുള്ളി തുളുമ്പാതെ

സൂര്യനെ ചുറ്റുന്നതെങ്ങനെ നീ?

Tuesday, April 20, 2010

നിഴല്‍

മനസിനെ ചുട്ടെരിക്കും അഗ്നിയായീ,
സിരകളെ മരവിപ്പിക്കും തണുപ്പായീ,
ഇന്ദ്രിയങ്ങളെ അടക്കും  കാറ്റായ്..
നീയെന്നുമെന്‍ സന്തത സഹചാരി

നിന്നില്‍ നിന്നും ഓടി ഒളിക്കുവാന്‍
പലവട്ടം ശ്രമിച്ചു ഞാന്‍
ഒരു മാത്ര വിജയിച്ചുവെന്നു-
നിനച്ചു, ദീര്‍ഘ ശ്വാസമെടുത്തു
തിരിഞ്ഞു നോക്കവേ കണ്ടു...
നീന്നെയെന്‍ നീഴലായീ ...

നിന്നെ അകറ്റുവാന്‍ നടത്തിയ
പാഴ്ശ്രമം, തീവ്ര വേദനയായീ
പുനര്‍ജനിച്ചുവെന്നില്‍ ....
ദുഃഖമെ നിനക്കിവള്‍ പ്രിയയോ
വിട്ടുപോകാതെ നില്‍ക്കുന്നു
കൂടെയെന്നും നിഴലായീ!!!

Wednesday, April 14, 2010

ഭീമന്‍കല്ല്‌

[ എന്നെ ഒരുപാടു ആകര്‍ഷിച്ച അറ്റ്‌ലാന്‍റയിലെ Stone Mountain Park എന്നിലൂടെ കവിതയായീ പുനര്‍ജനിച്ചപ്പോള്‍ ]



ഉദയ സൂര്യനെ
ഉച്ചിയിലേന്തി
അറ്റ്‌ലാന്‍റ നഗരിയില്‍
തല ഉയര്‍ത്തി നില്‍ക്കും
ഭീമന്‍ കല്ലിവന്‍ ....

അവശ്വസിനീയം മഹാത്ഭുതം
പ്രകൃതി തന്‍ വരദാനം
ലോകം കണ്ടതില്‍
മുന്പനിവന്‍
ഒറ്റ കല്ല്‌ ഭീമന്‍

മിന്നി തിളങ്ങും
ഗ്രാനൈറ്റ് ശേഖരം
മാറുന്നു നല്ലൊരു
ഉല്ലാസ വേദിയായീ

സ്കൈ റൈഡില്‍
തൂങ്ങിയാടി
ഭീമന്റെ നെറുകയില്‍
അത്ഭുതമോ...ആനന്ദമോ .
ലോകമെന്‍ കാല്‍കീഴില്‍
എന്ന പോലെ,,,,

ട്രെയിനില്‍ കയറി
ഭീമനെ ചുറ്റിയും
ഡക്ക് റൈഡില്‍
വെള്ളത്തില്‍ സവാരിയും
4 ഡി തിയേറ്ററില്‍
ഭൂമി പിളര്‍ന്നൊരു യാത്രയും
ഭീമനൊരുക്കും
സമൃദ്ധവിരുന്നിന്‍
വിശിഷ്ട വിഭവങ്ങളായി!!

സാഹസികത നിറഞ്ഞൊരു
സുഖമുള്ള ഓര്‍മയായി
നില്‍ക്കുന്നു അവനെന്നും
തല ഉയര്‍ത്തി
ഒറ്റ കല്ല്‌ ഭീമന്‍ !!!

Tuesday, April 6, 2010

വേര്‍പാടിന്‍ നൊമ്പരം

കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!

ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..

വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..

Thursday, April 1, 2010

മായിക ലോകം

എന്നിലെ എനിക്കായീ
ഒരു മായിക ലോകം
തീര്‍ത്തു ഞാന്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു
കളിവീട് ഉണ്ടാക്കി
മോഹങ്ങളാലൊരു
പൂങ്കാവനവും

ആശകളാം ചെടികള്‍
നട്ടു വച്ച്.....
പ്രതീക്ഷ തന്‍ വളമിട്ടു
വെള്ളമൊഴിച്ചു
ഓരോ ചെടികളും
പൂവിടുമ്പോള്‍.....
എന്‍ ഓര്മ തന്‍ വണ്ടുകള്‍...
മൂളി പറന്നീടും ....
അവയ്ക്ക് ചുററും....

പൂക്കള്‍ തന്‍ സുഗന്ധം ....
എന്‍ രോമകൂപങ്ങളില്‍
രോമാഞ്ചമായി പടരുമ്പോള്‍....
മനസാം പുഴയുടെ
കളകളാരവം
എനിക്ക്‌ മാത്രം...ശ്രവ്യമാം
മധുര സംഗീതമായി
എന്നില്‍ അലിഞ്ഞു ചേരും...
നീര്‍വൃതിയാം ഇളം തെന്നല്‍
നെറുകയില്‍ ഉമ്മ വച്ച്....
തഴുകി എന്നില്‍ നിറയുമ്പോള്‍....
ശാന്തി തന്‍ തീരത്തില്‍
ഞാനെത്തീടും!!!!

Wednesday, March 31, 2010

ബാല്യം

ബാല്യത്തിന്‍ കളിച്ചെപ്പ്
തുറന്നപ്പോള്‍....
മിന്നി മറഞ്ഞോരായിരം
ചിന്തുകള്‍....

ആരോരും കാണാതെ
പുസ്തക താളില്‍
ഒളിപ്പിച്ചു വച്ചൊരു
മയില്‍പീലി തുണ്ടും.....
മഴവില്ലില്‍ വര്‍ണങ്ങള്‍
ഒപ്പിയെടുത്തോരെന്‍
മോഹത്തിന്‍
വളപൊട്ടുകളും

കണ്ണാരം പൊത്തി കളിച്ചും...
കളി വീട് ഉണ്ടാക്കിയും ....
മണ്ണപ്പം ചുട്ടും
ഹാ.. ആ ബാല്യത്തിലേക്ക്
പിന്തിരിഞ്ഞോടാന്‍
മനസിന്റെ വെമ്പല്‍....

Friday, March 26, 2010

അത്ഭുതങ്ങളുടെ നാട്

അമേരിക്കന്‍ ഐക്ക്യ നാടുകളുടെ...
ചരിത്രം പഠിക്കുമ്പോള്‍
ഓര്‍ത്തില്ല ഞാനും ഈ മണ്ണില്‍ എത്തുമെന്ന്..
ബാല്യ കാലം മുതല്‍ എന്നിലെന്നും
അത്ഭുതങ്ങള്‍ സൃഷ്ടിച്ചൊരു നാട്

കേട്ടറിഞ്ഞ നാടോ....കണ്ടറിഞ്ഞ നാടോ....
ഏതാണ്‌ സത്യമെന്ന് തെല്ലൊരു ആശങ്ക ഉണ്ടെനിക്ക്
വെളുത്തു മെലിഞ്ഞ വെള്ളക്കാരെ
പ്രതീക്ഷിച്ച ഞാന്‍ കണ്ടതോ...
വായിച്ച പുസ്തകത്തിലെ ...
കണ്ടു മറന്ന രാമായണം സീരിയലിലെ
രാക്ഷസ ഗണത്തെ അനുസ്മരിപ്പിക്കും വിധം
ഭീമാകാരം പൂണ്ട മനുഷ്യര്‍.....!!!
അത്ഭുതം കൊണ്ട് വിടര്‍ന്നു കണ്ണുകള്‍....
ആലിസ് എത്തിയ അത്ഭുത ലോകത്തിലോ.....
സീത എത്തിയ ലങ്കയിലോ .....
എവിടെയാണ് ഞാനെന്നു ഒരു നിമിഷം ചിന്തിച്ചു പോയീ

വിദ്യാലയത്തിന്‍ തിരുമുറ്റത്ത്‌ ...
ഗര്‍ഭവതിയായ
വിദ്യാര്‍ത്ഥിനിയെ കണ്ടു ഞാന്‍ ഞെട്ടി....
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിര്‍ത്തലാക്കിയ
ശൈശവ വിവാഹം ഇന്നും ഇവിടെ തുടരുന്നുവോ
നാളുകള്‍ പോകവേ ഞാന്‍ അറിഞ്ഞു.....
ഈ നാട്ടില്‍ അമ്മയാകാന്‍.....
വിവാഹം വേണ്ട.....ഭര്‍ത്താവു വേണ്ട
കൂട്ടുക്കാരന്‍ മാത്രം മതിയെന്ന സത്യം
അവിഹിത ഗര്‍ഭം നമ്മുടെ മണ്ണില്‍
പിഴച്ചു പോയതിന്റെ  മുദ്രയെങ്കില്‍...
ഇന്നാട്ടില്‍  അത്  പ്രൌഡിയുടെ  അടയാളം !!!

ഇവിടുത്തെ കുട്ടികളെ അറിഞ്ഞപ്പോള്‍...
തെല്ലൊരു വേദന തോന്നിയുള്ളില്‍...
കാടാറുമാസം നാടാറുമാസം....എന്നപോലെ
അച്ഛന്റെ വീട്ടില്‍ ഒരഴ്ചയെങ്കില്‍...
അമ്മയുടെ വീട്ടില്‍ മറ്റൊരാഴ്ച ....
അമ്മായോടുമില്ല സ്നേഹം...
അച്ഛനോടുമില്ല സ്നേഹം.....
ആരോടുമില്ല...വൈകാരിക ബന്ധം

അദ്ധ്യാപനം ഇത്ര ദുഷ്കരമോ ...
തോന്നിപോയീ ആദ്യ നാളുകളില്‍
വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യാപകരോട്..
പുച്ഛമോ വെറുപ്പോ ശത്രു ഭാവമോ
എന്ത് പറയാനും മടിയില്ലവര്‍ക്ക്‌...
എന്ത് ചെയ്യാനും മടിയില്ലവര്‍ക്ക് ...
സരസ്വതി വിളങ്ങുന്ന അക്ഷര മുറ്റം
അസഭ്യ വാക്കുകളുടെ കളിയരങ്ങ്
അദ്ധ്യാപകരെ പേര് ചൊല്ലി വിളിക്കുന്നു
വിദ്യാര്‍ത്ഥികളെ സാറെന്നും മേടം എന്നും
അങ്ങനെ ...അങ്ങനെ....
അത്ഭുതങ്ങളും....ഞെട്ടലുകളും.....ആശങ്കകളും
തുടരുന്നു....തുടരുന്നു....തുടര്‍ന്ന് കൊണ്ടിരിക്കുന്നു....

Saturday, March 20, 2010

പ്രണയത്തിന്‍ ഭാവം

ഒരു വരിയായി ....ഒരു വിളിയായീ ....
നീ വന്നുവെന്‍ വഴിത്താരയില്‍.....
അറിയാതെ അറിയാതെഎപ്പോഴോ....
നിന്‍ മനസിന്‍ ചെപ്പില്‍.....
ഒരു മുത്തായിരിക്കാന്‍ കൊതിച്ചു ഞാന്‍
ഇരുള്‍ നിറഞ്ഞയെന്‍ പാതയില്‍ ......
പ്രകാശ കിരണങ്ങള്‍ പൊഴിയും .
മാണിക്യമായീ കണ്ടു നിന്നെ ഞാന്‍ ....
.....
നീയെന്‍ അരുകില്‍ എത്തീടുമ്പോള്‍....
സൂര്യ കിരണങ്ങള്‍ ഏറ്റ
സൂര്യകാന്തി പോലെ തിളങ്ങി എന്‍ വദനം ...
.മഞ്ഞുതുള്ളി പോലെ നിന്‍ -
പ്രണയത്തില്‍ അലിഞ്ഞു ചേരുവാന്‍......
എന്‍ ഉള്ളം തുടിച്ചിരുന്നു

ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി.....
ഒരു കുമ്പിള്‍ സ്നേഹം കൊതിച്ചു......
നിന്‍ കൈപിടിച്ചപ്പോള്‍....
കേള്‍ക്കമായിരുന്നുവെനിക്ക്
എന്‍ മനസ്സില്‍ തുടികൊട്ടല്‍ -

വീണ്ടുമെന്‍ സ്വപ്നങ്ങള്‍ക്ക് ..
മുളച്ചല്ലോ ചിറകുകള്‍.....
പ്രതീക്ഷ തന്‍ നാമ്പുകള്‍ .....
മുളപൊട്ടി എന്നുള്ളില്‍.....
സന്തോഷത്തിന്‍ ..പടികള്‍ കയറുമ്പോള്‍.....
.എന്തൊരാവേശം ആയിരുന്നെനിക്ക് .....

നീണ്ടു നിന്നില്ല അധികമാതെന്നില്‍......
സത്യത്തിന്‍ മുഖം കണ്ടു ഞാന്‍ ഞെട്ടി....
ഇതോ പ്രണയത്തിന്‍ ഭാവം?
നീറുന്നു എന്‍ മനം ...
നിറയുന്നു എന്‍ കണ്ണുകള്‍
കണ്ണീര്‍ മുത്തുകള്‍...പെറുക്കിയെടുക്കുമ്പോള്‍
തിരിച്ചറിയുന്നു ഞാന്‍.....
മാണിക്ക്യം എന്ന് കരുതി.....
ഞാന്‍ കണ്ടെത്തിയതോ .....
വെറുമൊരു വെള്ളാരം കല്ലായിരുന്നുവെന്നു  ......!!!!

Tuesday, March 16, 2010

അമ്മയെന്ന പുണ്യം

അമ്മക്ക് മക്കളോടുള്ളോരു ബന്ധം ...
സ്നേഹ നിര്ഭാരമാം മഹത് ബന്ധം.....
ഇല്ല പാരില്‍ പകരം വക്കുവാന്‍
മറ്റൊരാളും അമ്മക്കായീ.....
മക്കള്‍ തന്‍ കണ്ണൊന്നു നിറഞ്ഞാല്‍...
കവിയുന്നു അമ്മ തന്‍ മനം......
തലോടുവാന്‍ കരങ്ങള്‍ നീട്ടി ...
എന്നുമില്ലേ അമ്മ കൂടെ.....
അമ്മെയ്ന്നും കൂട്ടുക്കാരി ....
നേര്‍വഴി കാട്ടും മാര്‍ഗദര്‍ശി........
എന്നുമെന്നും മക്കള്‍ തന്‍
നന്മ മാത്രം കാംഷിക്കും ദീര്‍ഘദര്‍ശി .....
മാറ്റുവനാവില്ല അമ്മ തന്‍ സ്നേഹം....
കുറയില്ല അതൊരിക്കലും....
ഒഴുകിയെത്തുന്നു...നിന്നിലെക്കെന്നും.....
പല രൂപത്തില്‍...പല ഭാവത്തില്‍ !!!!
വേദനയില്‍ .ആശ്വാസമയീ.....തലോടലായീ....
ആഹ്ലാദത്തില്‍.....ആനന്ദമായീ...
തെറ്റുകളില്‍.....ശാസനയയീ....വിലക്കുകള്‍ ആയീ .....
പ്രവര്‍ത്തികളില്‍...അനുഗ്രഹമയീ.....
മറ്റാര്‍ക്ക് കഴിയും നിന്നെ-
ഇത് പോലെ അറിയാന്‍.....
അമ്മ....അമ്മയെന്ന പുണ്യം ...
ആരാധിചില്ലെങ്കിലും..നിന്ദിക്കാതിരിക്കാം ......
സ്നേഹിച്ചില്ലെങ്കിലും ..വേദനിപ്പിക്കാതിരിക്കാം ....
അമ്മ....അമ്മയെന്ന ഭാഗ്യം......
നഷ്ടമാകതിരിക്കട്ടെ മക്കള്‍ക്കൊരിക്കലും !!!!

Saturday, March 13, 2010

സ്വാമികള്‍

പത്ര താളുകളില്‍ കണ്ണോടിക്കുമ്പോള്‍......
തെല്ലോരാകാംഷ മെല്ലെ തലപോക്കിയുള്ളില്‍ ....
ഇന്നുമുണ്ടോ സ്വാമികള്‍ തന്‍ വാര്‍ത്ത.......
ദിനം തോറും പുതു പുതു വാര്‍ത്തകള്‍-
നിറഞ്ഞു നില്‍ക്കുന്നുവല്ലോ പത്ര താളുകളില്‍
പല പല സ്വാമികള്‍ തന്‍ വീര ചരിതം......

പിന്നോട്ടൊന്ന് തിരിഞ്ഞു നോക്കിടുമ്പോള്‍ ..
നമുക്ക് കാണാം മറ്റൊരു ചിത്രം.....
കക്ഷായ വേഷവും ...വെളുത്ത വസ്ത്രവും.....
നന്മതന്‍ പ്രതീകമായിരുന്നു എന്നും.....
സ്വാമികള്‍എന്ന് കേള്‍ക്കുമ്പോള്‍.....
മനസ്സില്‍ വിരിയുന്നതോ ......
ബഹുമാനവും ഭക്തിയും ആദരവും
ചേര്‍ന്നൊരു സംമിസ്ത്ര വികാരമായിരുന്നു ......
ആരാധിച്ചിരുന്നു ...വണങ്ങിയിരുന്നു ....
പൂജിച്ചിരുന്നു സ്വാമികളെ.....

ഇന്നോ മുഖചിത്രം മാറിടുന്നു ......
സ്വാമികള്‍ എന്ന് കേള്‍ക്കുബോഴേ....
വിരിയുന്നു പരിഹാസ മന്ദസ്മിതം .......
പീഡനവും .....വാണീ ഭാവുംമായീ ....
പെണ്‍ വിഷയങ്ങളില്‍ .....
തിളങ്ങീടുന്നുവല്ലോ സ്വാമികള്‍...........
ആരുടെ സൃഷ്ടിയാണിത്തരം സ്വാമികള്‍.....
ചിന്തിച്ചാല്‍ ഉത്തരം സ്പഷ്ടമല്ലേ.....
നമ്മള്‍.... നമ്മളകും ഈ സമൂഹമല്ലേ?
തീരുമാനിക്കാം നമുകൊരുമിച്ചു....
വേണ്ട ഇനിയൊരു സ്വാമിമാരും.....

Thursday, March 11, 2010

പ്രകൃതി

ഒരു കൊച്ചുകുഞ്ഞിന്‍ കൌതുകത്തോടെ.....
ഉറ്റുനോക്കുന്നു....ചുറ്റും.....
പ്രകൃതി തന്‍ മാറ്റം.....
അവിശ്വസനിയം എന്നും....
കണ്ടു കണ്ടങ്ങിരിക്കെ......
മാറുന്നു അടിമുടി.....
എങ്ങും..നിറങ്ങള്‍...നിറങ്ങള്‍ മാത്രം ......
മലകള്‍...പൂത്തുവോ....മാമരം പൂത്തുവോ.....
അയ്യോ....തികച്ചും അവിശ്വസിനിയം.....
പൂക്കളല്ല .....ഇലകള്‍ തന്‍ നിറം......
മാറുന്നു ദിനം തോറുമെന്ന സത്യം ...
തിരിച്ചറിയുന്നു ഞാന്‍.....
അത്ഭുതം കൊണ്ട് വിടരുന്നു കണ്ണുകള്‍......
പ്രകൃതി തന്‍ പ്രതിഭാസം......
ആനന്ദം ആയീ ....ആഹ്ലാദം ആയീ ..........
നിറയുന്നു കണ്ണുകളില്‍.....
അറിയാതെ..ഒരു ചോദ്യം മാത്രം നിറയുന്നു ഉള്ളില്‍ ......
ഇന്നലെ പച്ചപ്പ്‌ നിറഞ്ഞോരിടം .....
ഇന്നോ...പല വര്‍ണങ്ങളാല്‍ ......
നാളയോ????നാളെ എന്തെനറിയാതെ......
തെല്ലൊരു അത്ഭുതത്തോടെ.....
ഉറ്റുനോക്കുന്നു ......പ്രകൃതിയെ ............
അല്ലയോ സുന്ദരി.....നിര്‍വചിക്കനവുന്നില്ലല്ലോ
നിന്നെ ഒരിക്കലും......
ഒരയീരം ചോദ്യങ്ങള്‍ എന്നില്‍
അവശേഷിപ്പിച്ചു......ചിരിക്കുന്നുവോ നീ......
അറിയുവാന്‍ ശ്രമിക്കും തോറും......
കൂടുതല്‍ നിഗുടയയീ തീരുന്നുവല്ലോ നീ.....

Wednesday, March 10, 2010

സൌഹൃദം

ഇളംതലമുറ തന്‍ സൌഹൃദ വീക്ഷണം....
തെല്ലോന്നബരപ്പിക്കുന്നു എന്നെ .....
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന-
പഴമ്പുരാണം അന്യമാകുന്നുവോ?
ഇന്റെര്നെടിന്‍ അതിപ്രസരമോ ...
ചാറ്റും...ഓര്‍കുട്ടും .. ഫെയ്സ് ബുക്കും ..
സൌഹൃദത്തിനു പുതു അര്‍ഥങ്ങള്‍ നല്കുന്നുവോ?
സുഹൃത്തായീ കടന്നുവരുന്നവര്‍ ....
പ്രായഭേദമന്യേ .....
സൌഹൃദത്തിനു പുതു നിറങ്ങള്‍
നല്‍കുമ്പോള്‍......
വേദനയോടെ തിരിച്ചറിയുന്നു ഞാന്‍....
തിരുത്തുവനാവില്ലെനിക്ക് ....
പുതുതലമുറ തന്‍ വീക്ഷണത്തെ ....
ഒരു വാക്ക് മാത്രമെന്‍ പ്രിയ കൂട്ടുകാരെ...
സൌഹൃദം ....മഹത്തായ ബന്ധം.....
ചങ്ങാതി എന്നത് ദൈവത്തിന്‍ വരധാനം....
നഷ്ടമാക്കരുതെ...സൌഹൃദത്തിന്‍ ഭാവം ....
വിലമതിക്കാനാവാത്ത ആത്മബന്ധം...
നിലനിക്കട്ടെയെന്നും..സൌഹൃദം ...
സൌഹൃദ മായി തന്നെ....!!!!

Monday, March 8, 2010

പൊയ്മുഖങ്ങള്‍....

മനുഷ്യ മനസ് .....
വിചിത്രമം പ്രതിഭാസം ....
തിരിച്ചരിയുന്നതെങ്ങനെ
പൊയ്മുഖങ്ങള്‍....
സ്നേഹത്തിന്റെ മൂടുപടമണിഞ്ഞു
എത്തുന്നവര്‍.... സ്വന്തമെന്നു കരുതി.....
മനസിലേറ്റി.....താലോലിച്ചവര്‍......
ഒരു നൊടിയിട കൊട്ണ്ട് ....
അന്യമയീ തീരുന്നുവല്ലോ ബന്ധങ്ങള്‍ ....
സ്നേഹത്തിന്റെ ഭാഷ.....
ഇത്രയ്ക്കു നൈമിഷികമോ........
വിചിത്രമാം ഭാവങ്ങള്‍ കണ്ടു
പകച്ചു നില്‍പു ജീവിത പാതയില്‍ .....
എവിടെ ....എവിടെയാണ് ....
കലര്‍പ്പുകളില്ലാത്ത സ്നേഹത്തില്‍ ഒരു തിരി വെട്ടം......

Saturday, March 6, 2010

പ്രിയ ശിഷ്യ ...നിനക്കായീ..

അവന്‍ എനിക്കെന്നും പ്രിയ ശിഷ്യന്‍...
വിനയമാണോ സ്നേഹമാണോ ....
അവന്റെ മുഖമുദ്ര ....
അധ്യാപന ജീവിത പാതയില്‍...
കടന്നുപോയ് മുഖങ്ങളില്‍...
നിന്റെ മുഖം.....അതെന്തേ വേറിട്ട്‌ നിന്ന്
കുട്ടിതം വിട്ടുമാറാത്ത നിന്‍ ചൊടിയില്‍
നിന്നടര്‍ന്നു വിഴുന്ന സ്നേഹമാം മൊഴിയില്‍
നിറഞ്ഞു നിന്നൊരു മാതൃ വാത്സല്ല്യം
തിരിച്ചരിഞ്ഞുവല്ലോ ഞാന്‍
നിന്‍ വീഥികളില്‍ ......അറിവിന്‍ ഒരു തിരി
തെളിയിക്കാന്‍ എനിക്കയെങ്കില്‍.....
ധന്യമെന്‍ ജീവിതം.....പുന്ന്യമെന്‍ വേഷം .....
എന്‍ പ്രിയ ശിഷ്യ.....നേരുന്നു നന്മകള്‍ ആയിരം!!!













Friday, March 5, 2010

വെറുമൊരു സ്വപനം.....

കവിളില്‍ കരവിരല്‍ സ്പര്‍ശം ഞാനറിഞ്ഞു .....
കണ്ണുകള്‍ പൂട്ടി... നിശ്വസമാടക്കി....
എന്തിനോ വേണ്ടി നിന്ന് ഞാന്‍....
എന്നിലേക്ക്‌ ഒഴുകിയെത്തും ...
സ്നേഹമാം ചോലയില്‍ നീരാടി ....
കളിക്കുവാന്‍ ഉള്ളം തുടിചിടുമ്പോള്‍ ....
അറിയാതെ കണ്ണുകള്‍...ശൂന്യതിലേക്ക് .....
അന്ധകാരം മാത്രം ചുറ്റും നിറയുന്നു.....
തിരിച്ചറിയുന്നു ഞാന്‍ ....
വെറുമൊരു സ്വപനം.....

Thursday, March 4, 2010

നിശാശലഭം .....

പൂക്കള്‍ തന്‍ സുഗ്ന്തം കാറ്റില്‍ അലിഞ്ഞു .......
നിശയുടെയ താഴ്‌വരയില്‍ ഒഴുകി..ഒഴുകി... ....
എവിടെ നിന്നോ പറന്നു വന്നൊരു നിശാശലഭം...
ഞാന്‍ ....ചുറ്റും നോക്കി എവിടെ ? എവിടെയാണ പൂക്കള്‍.......

സൌരഭ്യം പരത്തി കടന്നു വന്നത്....
എന്‍ സ്വപ്‌നങ്ങള്‍ തന്നെയല്ലയോ....
ഞാന്‍ വെറുമൊരു നിശാശലഭം
പൂക്കള്‍ തേടി അലയുന്നു എന്നും....