Wednesday, September 28, 2011

അണച്ച് പിടിക്കാവുന്ന സ്വന്തം

ബാല്യത്തിന്റെ തൊടിയില്‍
ഓടികളിക്കുന്ന കുറുമ്പന്‍
മണം പിടിച്ചു എത്തുന്നുണ്ട്
ഒളിച്ചു വച്ചൊരു സ്നേഹം
മാന്തിപുറത്തെടുക്കാന്‍!!

നിശബ്ദത കൊണ്ട്
പൊതിഞ്ഞു വച്ചൊരു
ഏകാന്തത തട്ടി തെറിപ്പിച്ചു
കൂട്ടികൊണ്ട് പോകുന്നുണ്ട്
വാക്കുകളില്ലാത്ത വാചാലതയിലേക്ക്!!

കൌമാരത്തിന്റെ പടിക്കല്‍
കളഞ്ഞു പോയൊരു ചങ്ങാത്തം
കടിച്ചെടുത്തു ഓടി വരുന്നുണ്ട്
കൊഞ്ചിക്കാന്‍ തോന്നുന്ന വാത്സല്ല്യം!

കാലത്തിന്റെ കണക്കെടുപ്പില്‍
രക്തത്തിന്റെ വിലപ്പേശാതെ
ഹൃദയത്തിന്റെ വാതിക്കല്‍
കാവല്‍ കിടക്കും കരുതല്‍ !

ഒരു പട്ടികുഞ്ഞിനല്ലാതെ
മറ്റാര്‍ക്ക് കഴിയും
ഇതുപോലെ സ്വന്തമാകാന്‍!!

(സൌദി ടൈംസില്‍ പ്രസിദ്ധികരിച്ചത്)

Monday, September 5, 2011

മഴയനക്കങ്ങള്‍


ഉഞ്ഞാലാടി പോകും  വൈകുന്നേരം
കൊണ്ടുപോയൊരു പകലിനെ 
ഒളികണ്ണുകൊണ്ട്  നോക്കുന്നുണ്ടു 
വെളിച്ചം  അടര്‍ന്നു പോയൊരു നക്ഷത്രം!!

പൂച്ച കുഞ്ഞു പോലെ
ഒച്ച  കേള്‍പ്പിക്കാതെ
വിരുന്നു വരുന്നുണ്ടൊരു രാത്രി
കാലത്തിന്റെ  തുന്നികെട്ടിയ
സഞ്ചിയൊന്നു തുറക്കനായീ !

പുറത്തു ചാടിയ പുസ്തകകെട്ടു...
മാറിന്റെ ചൂട് പറ്റി ചേര്‍ന്നിരുന്ന
പ്രതീക്ഷയെ ഓര്‍മിപ്പിച്ചു....
വിശപ്പിന്റെ നാളുകളെ
പൂട്ടിയിട്ട  അറയിപ്പോള്‍
മലര്‍ക്കെ തുറന്ന് കിടക്കുന്നു......
തേച്ചു മിനുക്കി സൂക്ഷിച്ചു
വച്ചൊരു സായാഹ്നം
പായല്‍ പിടിച്ചു ഇരുണ്ടു
പോയിരിക്കുന്നു.....
ഒളിച്ചോടി പോയ കവിതകള്‍
വെളിച്ചം കാണാതെ ഇരുട്ടില്‍...!!

വിരുന്നുവന്ന രാത്രി കൊണ്ട് പോയതോ 
കറുത്തിരുണ്ട്‌ പെയ്യാന്‍
തയ്യാറായി  തൂങ്ങി നിന്നൊരു 
ഉറക്കത്തെയുമായിരുന്നു
കാറ്റ് കൊണ്ടുപോകും
മഴയനക്കങ്ങള്‍  പോലെ....!!

(മാധ്യമം വര്ഷികപതിപ്പ്)