Saturday, January 28, 2012

നിന്നെ വിവര്‍ത്തനം ചെയ്തപ്പോള്‍....


ഇരുട്ട് പുറം ചട്ടയാക്കി 
അലസതയുടെ ചായ്പ്പില്‍ 
വലിച്ചെറിഞ്ഞ നിന്നെ 
ആമൂഖമില്ലത്ത പുസ്തകം
പോലെ വെറുതെ മറിച്ചു 
നോക്കുകയായിരുന്നു 
തൊട്ടെടുത്ത മനസ്!

പുതുമണം മായാത്ത 
താളുകളില്‍ ഉടയാത്ത 
കിടക്കവിരി  കൊണ്ട്  
അടയാളപെടുത്തിയ നീന്നെ 
എത്ര കുടഞ്ഞെറിഞ്ഞിട്ടും
വിട്ടുപോരാനകാതെ 
പറ്റിപ്പിടിച്ചു  കിടക്കുന്ന ഓര്‍മ്മ !!

വായിച്ചു തുടങ്ങിയപ്പോള്‍
ഓരോ  വരികള്‍ക്കിടയിലും 
ഒളിപ്പിച്ചുവെച്ച  ആര്‍ദ്രത    
ഒരു കടല്‍ പോലെ
ഇളകി മറിയുന്നതും
വഴി പിരിഞ്ഞ ഓര്‍മ്മകള്‍ 
അലയടിച്ചുയരുന്നതും
ഒരു പേമാരിയായി
പെയ്തൊഴിയുന്നതും
ഞാന്‍ അറിയുകയായിരുന്നു!!

നിന്നെ വിവര്‍ത്തനം ചെയ്യാന്‍
തുടങ്ങുമ്പോഴാണ് 
കണ്ണുകളില്‍ നിറഞ്ഞ നിലാവില്‍
ചെമ്പകപൂവിന്‍ മണം
പരന്നൊഴുകാന്‍ തുടങ്ങിയതും,
തീപ്പിടിച്ച ഓര്‍മകളില്‍
ഒരഗ്നിയായ് നീ കത്തിപടര്‍ന്നതും!!
ഇനിയും എങ്ങനെയാണ് ഞാന്‍ 
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത് ?
===================================
 വാരാദ്യ മാധ്യമം 29 ജനുവരി 2012.
=====================================


Sunday, January 8, 2012

ആഴങ്ങളിലെ ആകാശം




പുഴയുടെ  ആഴങ്ങളില്‍
അടുത്തു കണ്ട ആകാശം!
ചേര്‍ത്തു പിടിക്കാന്‍
ഓടിയെത്തിയ ചില്ലകള്!
ഒന്ന് തൊടാനാവാതെ‍
തിരഞ്ഞു  കൊണ്ടിരിക്കുന്നു
ആഴങ്ങളില്‍ ഒരാകാശത്തെ!
പിടി തരാതെ ഓടിയൊളിക്കുന്ന
ജീവിതത്തെ തിരയും പോലെ!!

(ആനുകാലിക കവിതയില്‍ പ്രസിദ്ധികരിച്ചത്)

Tuesday, January 3, 2012

സന്ധ്യയായ് മറയുമ്പോള്‍



നെറ്റിയിലെ വിയര്പ്പു
തൂത്തുമാറ്റിയ സായാഹ്നം
എണ്ണി കൊടുത്ത തുട്ടുകള്
ഒഴിയുന്ന മടിശീല
സിരകളില്‍ വലിഞ്ഞു
മുറുകുന്ന ലഹരിയില്
ആടി പോകുന്നൊരു ബീഡി പുക!!

മേല്പ്പുരയില്ലത്ത വീടിനുള്ളില്
ഒരുച്ച മയക്കത്തിന്റെ
ആലസ്യത്തില്‍ ‍നിന്നും
വിട്ടുണരാന്‍ മടിച്ചു
നില്ക്കുന്ന കാറ്റ്,

മേഘകൂട്ടില്‍ നിന്നും
ആകാശകുന്നിറങ്ങി
പടി വാതിലിനപ്പുറം
വേച്ചു വേച്ചു മയങ്ങി
വീണൊരു വെയില്‍.

മേല്പ്പുരയുള്ള വീടിനുള്ളില്
മറക്കുള്ളിലെ കാഴ്ചകളില്
കണ്ണീരു വറ്റിയ കടല്
അരിപൊതി തിരഞ്ഞു
ഉറങ്ങി പോയ മണല്ക്കൂട്ടങ്ങള്‍ !

സിരകളില്  കത്തിയെരിയുന്ന
ലഹരിയുടെ കനലില്‍ 
എരിഞ്ഞടങ്ങിയ  സന്ധ്യ!!

(മലയാള സമീക്ഷയില്‍ പ്രസിദ്ധികരിച്ചത്)